യുഎഇ ഗെയിംസിന് അബുദാബിയിൽ തുടക്കം; ആയിരത്തിലേറെ കായികതാരങ്ങൾ മാറ്റുരയ്ക്കുന്നു

  1. Home
  2. Sports

യുഎഇ ഗെയിംസിന് അബുദാബിയിൽ തുടക്കം; ആയിരത്തിലേറെ കായികതാരങ്ങൾ മാറ്റുരയ്ക്കുന്നു

uae games


ഭിന്നശേഷിക്കാരായ കായികതാരങ്ങൾക്കായുള്ള ‘യുഎഇ ഗെയിംസ് 2026’ ഔദ്യോഗികമായി അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ (ADNEC) ആരംഭിച്ചു. യുഎഇയിലെ വിവിധ ക്ലബ്ബുകളിൽ നിന്നും പ്രത്യേക കേന്ദ്രങ്ങളിൽ നിന്നുമുള്ള ആയിരത്തിലേറെ അത്ലറ്റുകളാണ് ഇത്തവണ കായികമേളയിൽ പങ്കെടുക്കുന്നത്. പ്രാദേശിക, അന്തർദേശീയ പ്രതിനിധികളും ഈ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ അബുദാബിയിൽ എത്തിയിട്ടുണ്ട്. ജൂൺ 10 വരെ അഡ്നെക് സെന്ററിലും സായിദ് സ്പോർട്സ് സിറ്റിയിലെ ഖലീഫ ഇന്റർനാഷനൽ ബൗളിങ് സെന്ററിലുമായിട്ടാണ് മത്സരങ്ങൾ നടക്കുക. ഭിന്നശേഷിക്കാരായ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും കായികരംഗത്തിലൂടെ അവരെ ശാക്തീകരിക്കുന്നതിനുമായി സ്പെഷ്യൽ ഒളിംപിക്സ് യുഎഇയുടെ നേതൃത്വത്തിലാണ് ഈ മേള സംഘടിപ്പിച്ചിരിക്കുന്നത്.

യുവജനക്ഷേമ മന്ത്രി ഡോ. സുൽത്താൻ ബിൻ സെയ്ഫ് അൽ നെയാദി, ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ ബിൻ മുഹമ്മദ് ബിൻ ഖാലിദ് അൽ നഹ്യാൻ, സ്പെഷ്യൽ ഒളിംപിക്സ് ഇന്റർനാഷനൽ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക റീജിയണൽ പ്രസിഡന്റ് അയ്മൻ അബ്ദുൽ വഹാബ്, സ്പെഷ്യൽ ഒളിംപിക്സ് യുഎഇ നാഷണൽ ഡയറക്ടർ തലാൽ അൽ ഹാഷിമി തുടങ്ങിയ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ചരിത്രത്തിലാദ്യമായി ജിംനാസ്റ്റിക്സ് മത്സരങ്ങളും ഇത്തവണ യുഎഇ ഗെയിംസിന്റെ ഭാഗമാക്കിയിട്ടുണ്ട്. ബാസ്കറ്റ്ബോൾ, ഫുട്ബോൾ, ബാഡ്മിന്റൺ, പവർലിഫ്റ്റിങ്, ബോക്സ്, ബൗളിങ് തുടങ്ങിയ വിപുലമായ മത്സരങ്ങളാണ് ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികളും ഇ-സ്പോർട്സ് മത്സരങ്ങളും ഇതിനൊപ്പം നടക്കുന്നുണ്ട്. കായിക മത്സരങ്ങൾക്ക് പുറമെ പ്രമുഖ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് അത്ലറ്റുകൾക്കായി ‘ഹെൽത്തി അത്ലറ്റ്സ്’ എന്ന പേരിൽ സൗജന്യ ആരോഗ്യ പരിശോധനയും ബോധവൽക്കരണവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.