ഇത് തന്റെ അവസാന ലോകകപ്പ് ആകാം; പരിക്കേറ്റെന്ന വാർത്ത തെറ്റെന്ന് മെസ്സി

  1. Home
  2. Sports

ഇത് തന്റെ അവസാന ലോകകപ്പ് ആകാം; പരിക്കേറ്റെന്ന വാർത്ത തെറ്റെന്ന് മെസ്സി

messi


ഖത്തർ ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആയേക്കാമെന്ന് അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി. അതിനാൽ സ്വപ്ന സാക്ഷാത്കാരത്തിനായി പരമാവധി ശ്രമിക്കും. ടീമിലെ ഒത്തിണക്കമാണ് പ്രധാന കരുത്തെന്നും മെസ്സി വ്യക്തമാക്കി.

തനിക്ക് പരിക്കേറ്റെന്ന വാർത്ത തെറ്റാണെന്നും താൻ പൂർണ ആരോഗ്യവാനാണെന്നും മെസ്സി പറഞ്ഞു. ഖത്തറിലെ പ്രധാന മീഡിയ സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്. 2014 ൽ ഫൈനലിലെത്തിയ ടീമിനെ പോലെ തന്നെ സന്തുലിതവും ഐക്യവും പരസ്പര ധാരണയുമുള്ള ടീമാണിത്. അതിനാൽ പരമാവധി പോരാടും. കപ്പിനായി പരമാവധി ശ്രമിക്കും.

എല്ലാ ലോകകപ്പും പോലെ ഖത്തർ ലോകകപ്പും സ്‌പെഷലാണ്. ജൂൺ- ജൂലൈ മാസങ്ങളിലാണ് സാധാരണ ലോകകപ്പ് നടക്കാറുള്ളത്. അക്കാലങ്ങളിൽ താരങ്ങളിൽ പലരും ക്ലബ്ബ് മത്സരങ്ങളിൽ പങ്കെടുത്ത് പരിക്കിന്റെ പിടിയിലായിരിക്കും. അത്തരത്തിൽ പരിക്കുള്ള താരങ്ങളാവും ലോകകപ്പിന് വരാറുള്ളത്. എന്നാൽ ഇത് ക്ലബ് സീസണിന്റെ ഇടയ്ക്കാണ്.

ഖത്തർ ലോകകപ്പ് നവംബർ- ഡിസംബർ മാസങ്ങളിൽ ആയതിനാൽ അത് കളിക്കാരെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്. തനിക്കും ടീമിനും ലോകമാകെ വലിയ ആരാധകരുള്ളതിൽ വലിയ സന്തോഷമുണ്ടെന്നും മെസ്സി വ്യക്തമാക്കി. പരിശീലകൻ ലയണൽ സ്‌കലോണിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.