എക്സിന് 12 കോടി യൂറോ പിഴയിട്ട് യൂറോപ്യൻ യൂനിയൻ
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്സിന് (മുമ്പ് ട്വിറ്റർ) യൂറോപ്യൻ യൂണിയൻ (ഇ.യു.) 12 കോടി യൂറോ പിഴ ചുമത്തി. നിയമവിരുദ്ധ ഉള്ളടക്കങ്ങളും തെറ്റായ വിവരങ്ങളും തടയുന്നതിനായി യൂറോപ്യൻ യൂണിയൻ കൊണ്ടുവന്ന ഡിജിറ്റൽ സേവന നിയമം (ഡി.എസ്.എ) ലംഘിച്ചതിനാണ് ഈ നടപടി. ഡി.എസ്.എ. നിലവിൽ വന്നതിന് ശേഷം ലംഘനത്തിന് ഇത്രയും വലിയ പിഴ ചുമത്തുന്നത് ഇത് ആദ്യമായാണ്. ഡി.എസ്.എക്ക് കീഴിൽ രണ്ടു വർഷത്തോളമായി തുടരുന്ന അന്വേഷണങ്ങൾക്ക് ശേഷമാണ് പിഴ ചുമത്തിക്കൊണ്ടുള്ള ഈ സുപ്രധാന തീരുമാനം.
സമൂഹ മാധ്യമങ്ങളിലെ ദുരുപയോഗം തടയുക, പ്ലാറ്റ്‌ഫോമുകളിലെ നിയമവിരുദ്ധവും ദോഷകരവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുക, യൂറോപ്യൻ ഉപയോക്താക്കളെ തട്ടിപ്പുകളിൽനിന്ന് സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഡി.എസ്.എ. നടപ്പാക്കിയത്. ഇത് ലംഘിക്കപ്പെട്ടാൽ കനത്ത പിഴയാണ് നേരിടേണ്ടിവരിക. എക്സ് (ട്വിറ്റർ) ഡി.എസ്.എ.യുടെ മൂന്ന് ലംഘനങ്ങൾ നടത്തിയതിനെ തുടർന്നാണ് പിഴ ഈടാക്കുന്നതെന്ന് യൂറോപ്യൻ കമ്മീഷൻ അറിയിച്ചു. എക്സിലെ 'നീല ടിക്മാർക്കുകളുടെ രൂപകൽപ്പന' തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും, പരസ്യ ഡാറ്റാബേസ്, വിവരം ചേർക്കൽ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളും എക്സ് ലംഘിച്ചു എന്നും അധികൃതർ വ്യക്തമാക്കി.
