ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും റീലുകൾ ഇനി പ്ലേലിസ്റ്റാക്കാം; പുത്തൻ 'സീരീസ്' ഫീച്ചറുമായി മെറ്റ

  1. Home
  2. Tech

ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും റീലുകൾ ഇനി പ്ലേലിസ്റ്റാക്കാം; പുത്തൻ 'സീരീസ്' ഫീച്ചറുമായി മെറ്റ

meta


എപ്പിസോഡുകളായി അപ്‌ലോഡ് ചെയ്യുന്ന റീലുകൾ ഇനി പ്രൊഫൈലിൽ കയറി ഓരോന്നായി തിരഞ്ഞുപിടിച്ച് ബുദ്ധിമുട്ടേണ്ടി വരില്ല. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും റീലുകൾ കൃത്യമായ ക്രമത്തിൽ ഒരുമിച്ച് കാണാൻ സഹായിക്കുന്ന 'സീരീസ്' (Series) എന്ന പുതിയ ഫീച്ചർ മെറ്റ പരീക്ഷിക്കുകയാണ്. യൂട്യൂബിലെ പ്ലേലിസ്റ്റുകൾക്ക് സമാനമായ ഈ ഫീച്ചർ ഉടൻ തന്നെ എല്ലാവരിലേക്കും എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒരു നിശ്ചിത വിഷയത്തെ ആസ്പദമാക്കിയുള്ള ഒന്നിലധികം റീലുകളെ ഒരു കളക്ഷനായി ക്രോഡീകരിക്കാൻ ക്രിയേറ്റർമാരെ സഹായിക്കുന്നതാണ് ഈ ഫീച്ചർ. തങ്ങളുടെ പുതിയതും പഴയതുമായ റീലുകളെ ഒരൊറ്റ ഫോൾഡറിലേക്ക് മാറ്റാൻ ഇതിലൂടെ സാധിക്കും. ഈ കളക്ഷനിലെ ഓരോ റീലും ഒരു വലിയ പരമ്പരയിലെ 'എപ്പിസോഡുകൾ' എന്ന രീതിയിലാകും ക്രമീകരിക്കപ്പെടുക. ക്രിയേറ്റർമാരുടെ പ്രൊഫൈലിലെ പ്രത്യേക പേജിൽ ഈ വീഡിയോകൾ ലഭ്യമാകും.

തുടർച്ചയായി പോസ്റ്റ് ചെയ്യുന്ന ട്യൂട്ടോറിയലുകൾ, വിദ്യാഭ്യാസപരമായ വിഡിയോകൾ, ചലഞ്ചുകൾ, കഥപറച്ചിലുകൾ, മൾട്ടി-പാർട്ട് റിവ്യൂകൾ എന്നിവ ചെയ്യുന്നവർക്ക് ഈ ഫീച്ചർ ഏറെ പ്രയോജനപ്പെടും. റീലുകൾ സ്ക്രോൾ ചെയ്യുന്നതിനിടയിൽ തന്നെ ഉപഭോക്താക്കൾക്ക് ഈ 'സീരീസ്' ഓപ്പൺ ചെയ്യാനും അതുമായി ബന്ധപ്പെട്ട മറ്റ് വിഡിയോകൾ ബ്രൗസ് ചെയ്യാനും സാധിക്കും. കൂടാതെ, താൽപര്യമുള്ള സീരീസുകൾ പിന്നീട് കാണാനായി സേവ് ചെയ്യാനും, പുതിയ എപ്പിസോഡുകൾ വരുമ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കാനുമുള്ള സൗകര്യവുമുണ്ടാകും. മെറ്റയുടെ പ്രധാന എതിരാളികളായ ടിക്ടോക് 2023-ൽ തന്നെ സമാനമായ ഫീച്ചർ അവതരിപ്പിച്ചിരുന്നു. നിലവിൽ ഉള്ളടക്കങ്ങൾ കൃത്യമായി ക്രമീകരിക്കാൻ മാത്രമാണ് മെറ്റ ഈ ഫീച്ചർ ഉപയോഗിക്കുന്നതെങ്കിലും, ഭാവിയിൽ ഇതിലൂടെ ക്രിയേറ്റർമാർക്ക് വരുമാനം കണ്ടെത്താനുള്ള പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ വഴികളും കമ്പനി ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

നിലവിൽ തിരഞ്ഞെടുക്കപ്പെട്ട ചില ക്രിയേറ്റർമാരിൽ മാത്രമാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നത്. പരീക്ഷണ ഘട്ടം പൂർത്തിയായ ശേഷമേ ഈ ഫീച്ചർ ആഗോളതലത്തിൽ എല്ലാ ഉപഭോക്താക്കൾക്കുമായി എപ്പോൾ ലഭ്യമാക്കുമെന്ന കാര്യത്തിൽ മെറ്റയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ.