8,600 രൂപ ഔദ്യോഗികമല്ല; സ്റ്റാർലിങ്ക് ഇന്ത്യയുടെ നിരക്ക് റിപ്പോർട്ടുകൾ തള്ളി കമ്പനി, പുറത്തുവന്നത് തെറ്റായ വിവരം
ഇന്ത്യൻ ഉപയോക്താക്കൾക്കായി ഉപഗ്രഹ ഇന്റർനെറ്റ് സേവനം നൽകാൻ ഒരുങ്ങുന്ന സ്റ്റാർലിങ്ക്, നേരത്തെ പുറത്തുവന്ന നിരക്കുകൾ ഔദ്യോഗികമല്ലെന്ന് വ്യക്തമാക്കി. ഗാർഹിക ഉപയോക്താക്കൾക്ക് പ്രതിമാസം 8,600 രൂപയായിരിക്കും പ്ലാൻ നിരക്ക് എന്ന വിവരം പ്രാദേശിക വെബ്സൈറ്റിലെ സാങ്കേതിക തകരാർ മൂലം സംഭവിച്ചതാണ്. ഇത് വെറും 'ഡമ്മി ഡേറ്റ' ആണെന്നും ഇന്ത്യയിലെ യഥാർത്ഥ നിരക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സ്റ്റാർലിങ്ക് ബിസിനസ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ലോറൻ ഡ്രെയർ അറിയിച്ചു.
സാങ്കേതിക തകരാറിനെ തുടർന്ന് പ്രതിമാസ നിരക്ക് 8,600 രൂപ, ഇൻസ്റ്റലേഷനായി 34,000 രൂപയുടെ ഹാർഡ്‌വെയർ കിറ്റ് എന്നീ വിവരങ്ങൾ തിങ്കളാഴ്ച വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, ഈ വിവരങ്ങൾ അബദ്ധത്തിൽ ലൈവ് ആയതാണെന്ന് ലോറൻ ഡ്രെയർ എക്‌സിൽ കുറിച്ചു. "സ്റ്റാർലിങ്ക് ഇന്ത്യയുടെ വെബ്സൈറ്റ് ഇതുവരെ പൂർണ്ണമായി പ്രവർത്തനക്ഷമമായിട്ടില്ല. ഇന്ത്യയിലെ ഉപയോക്താക്കൾക്കുള്ള സേവന നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ ഓർഡറുകൾ സ്വീകരിക്കുന്നുമില്ല. സാങ്കേതിക പ്രശ്നം പരിഹരിച്ചിട്ടുണ്ട്. എത്രയും വേഗം ഇന്ത്യക്കാർക്ക് അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്. സർക്കാരിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുന്നു," അദ്ദേഹം പറഞ്ഞു.
വർഷങ്ങളായി ഇന്ത്യയിൽ സേവനം ആരംഭിക്കാൻ ശ്രമിക്കുന്ന സ്റ്റാർലിങ്ക്, രാജ്യത്ത് സേവനം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ അവസാന ഘട്ടത്തിലാണ്. പരമ്പരാഗത ഇന്റർനെറ്റ് എത്തിക്കാൻ പ്രയാസമുള്ള വനമേഖല, പർവത മേഖല, ഒറ്റപ്പെട്ട മലയോര പ്രദേശങ്ങൾ തുടങ്ങിയ സങ്കീർണ്ണ ഭൂപ്രദേശങ്ങളിലെ കണക്ടിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപഗ്രഹ ഇന്റർനെറ്റ് സഹായകമാകും. എല്ലാ കാലാവസ്ഥയിലും തടസ്സമില്ലാത്ത സേവനം നൽകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ജിയോ പ്ലാറ്റ്‌ഫോംസ്, ഭാരതി എയർടെൽ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സ്റ്റാർലിങ്ക് സേവനങ്ങൾ രാജ്യത്ത് എത്തിക്കുക.
