വിയ്യൂർ ജയിൽ ചാടിയ ബാലമുരുകന് തെങ്കാശിയിൽ വീണ് പരിക്ക്; മുഖ്യസഹായി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ

  1. Home
  2. Trending

വിയ്യൂർ ജയിൽ ചാടിയ ബാലമുരുകന് തെങ്കാശിയിൽ വീണ് പരിക്ക്; മുഖ്യസഹായി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ

balamurugan


കുപ്രസിദ്ധ കുറ്റവാളിയായ ബാലമുരുകന്റെ മുഖ്യസഹായി ഇമ്രാനെ കൊച്ചി സിറ്റി ഡാൻസാഫ് സംഘം ഇടപ്പള്ളിയിലെ വീട് വളഞ്ഞ് പിടികൂടി. തമിഴ്‌നാട് പോലീസിന് കൈമാറിയ ഇമ്രാനിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് പോലീസ് തെങ്കാശി മേഖല കേന്ദ്രീകരിച്ച് ബാലമുരുകനായി അന്വേഷണം ഊർജിതമാക്കിയത്. വിയ്യൂർ ജയിലിൽനിന്ന് രക്ഷപ്പെട്ട ബാലമുരുകൻ കഴിഞ്ഞ മാസം 23-ന് ഒട്ടൻഛത്രത്തും കവർച്ച നടത്തിയിരുന്നു. ഈ കേസിലെ കൂട്ടുപ്രതിയാണ് ഇമ്രാൻ.

അതിനിടെ, തെങ്കാശിയിലെ കടയത്ത് മലയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാറയിടുക്കിൽ വീണ് ബാലമുരുകന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പോലീസ് അടുത്തെത്തിയതോടെ ബാലമുരുകൻ പാറയുടെ മുകളിൽ നിന്ന് എടുത്ത് ചാടുകയായിരുന്നു. പരിക്കേറ്റ ഇയാളെ രക്ഷപ്പെടുത്തി കസ്റ്റഡിയിലെടുക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ രക്ഷാദൗത്യത്തിന് ശ്രമിച്ചാൽ പോലീസിന് തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. ഭാര്യയെ കാണാനാണ് ബാലമുരുകൻ തെങ്കാശിയിലെത്തിയത്.

അമ്പതിലധികം വരുന്ന പോലീസുകാരെ വെട്ടിച്ച് ബാലമുരുകൻ കുന്നിൻ മുകളിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. ബാലമുരുകന് പിന്നാലെ മലയിലേക്ക് ഓടിക്കയറിയ അഞ്ച് പോലീസുകാർ ഏറെ നേരം താഴെയിറങ്ങാൻ കഴിയാതെ കുടുങ്ങിക്കിടന്നു. ഒടുവിൽ ഫയർഫോഴ്‌സ് എത്തിയാണ് മലയിൽ കുടുങ്ങിയ പോലീസുകാരെ താഴെയിറക്കിയത്. തെങ്കാശി സ്വദേശിയായ ബാലമുരുകൻ കൊലപാതകം ഉൾപ്പെടെ 53-ൽ അധികം കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ മാസം തമിഴ്നാട്ടിലെ ഒരു കേസുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിലിൽനിന്ന് തമിഴ്നാട് പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോവുകയായിരുന്നു. തിരികെ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പോലീസുകാരുടെ സുരക്ഷയിൽ പുറത്തിറങ്ങിയ ബാലമുരുകൻ അവരെ തള്ളിയിട്ട് രക്ഷപ്പെടുകയായിരുന്നു.