ദീപാവലി; 7000 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവെ
ദീപാവലിക്കും ഛഠ് പൂജയ്ക്കുമായി 7,000 സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവെ. ദിനംപ്രതി രണ്ട് ലക്ഷം അധിക യാത്രക്കാർക്ക് സൗകര്യമൊരുക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു ഉത്സവ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ വർഷം ദീപാവലി സമയത്ത് 4,500 സ്പെഷ്യൽ ട്രെയിനുകൾ ഓടിച്ചതായി റെയിൽവേ അറിയിച്ചു. യാത്രക്കാരുടെ തിരക്ക് വർധിക്കുന്നത് കണക്കിലെടുത്താണ് ഈ വർഷം സർവീസുകൾ വർധിപ്പിക്കാൻ മന്ത്രാലയം തീരുമാനിച്ചത്.
ഈ സമയത്ത് ധാരാളം യാത്രക്കാർ രാജ്യത്തിന്‍റെ കിഴക്കൻ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാൽ നോർത്തേൺ റെയിൽവേയാണ് കൂടുതലായി സ്പെഷ്യൽ ട്രെയിനുകൾ ട്രാക്കിലിറക്കുക. 3,050 പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. കഴിഞ്ഞ വർഷം നോർത്തേൺ റെയിൽവേ 1,082 സ്പെഷ്യൽ ട്രെയിനുകൾ ഓടിച്ചു. ഈ വർഷം181 ശതമാനം വർദ്ധനയുണ്ടാവുമെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. പ്രത്യേക ട്രെയിനുകൾക്ക് പുറമേ ട്രെയിനുകളിൽ അധിക കോച്ചുകൾ ഏർപ്പെടുത്തുമെന്നും റെയിൽവെ അറിയിച്ചു.