ദേവേന്ദുവിന്‍റെ മരണം; കസ്റ്റഡിയിലായ ദേവീദാസൻ മുമ്പ് നാട്ടുകാരുടെ മുട്ടസ്വാമി, അടിമുടി ദുരൂഹത

  1. Home
  2. Trending

ദേവേന്ദുവിന്‍റെ മരണം; കസ്റ്റഡിയിലായ ദേവീദാസൻ മുമ്പ് നാട്ടുകാരുടെ മുട്ടസ്വാമി, അടിമുടി ദുരൂഹത

death


 

ബാലരാമപുരത്തെ രണ്ടു വയസുകാരി ദേവേന്ദുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലായ ദേവീദാസൻ അയൽക്കാരുമായി അധികം ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നും പൂജയ്ക്കും മറ്റുമായി പുറത്തുനിന്നുള്ളവരാണ് വീട്ടിലെത്തിയിരുന്നതെന്നും അയൽക്കാര്‍. ദേവീദാസന്‍റെ പ്രവര്‍ത്തികളിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.

കൊല്ലപ്പെട്ട രണ്ടു വയസുകാരിയുടെ അമ്മ ശ്രീതു ഗുരുവായി കരുതുന്ന കരിക്കകം സ്വദേശി ദേവിദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബത്തിന് അന്ധവിശ്വാസങ്ങൾ ഉണ്ടായിരുന്നുവെന്ന ഇന്നലെ മുതൽ വ്യക്തമായിരുന്നു. വീടുവാങ്ങാനെന്ന പേരിൽ 30 ലക്ഷം രൂപ പല ഘട്ടങ്ങളിലായി ദേവീദാസൻ തട്ടിയെടുത്തെന്നാണ് ശ്രീതുവിന്‍റെ മൊഴി. ഇതേ തുടര്‍ന്നാണ് കൂടുതൽ ചോദ്യം ചെയ്യാൻ ദേവീദാസനെ കസ്റ്റഡിയിലെടുത്തത്.


പ്രദീപൻ എന്ന പേരിൽ മുമ്പ് ശംഖമുഖത്ത് മുട്ട കച്ചവടം നടത്തിയ ആള്‍ കരിക്കകത്തെത്തി പിന്നീട് മന്ത്രവാദത്തിലേക്കും ജ്യോതിഷത്തിലേക്കും പൂജയിലേക്കും തിരിയുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കരിക്കകത്ത് ഭാര്യയുടെ വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇവിടെ പൂജയ്ക്കും മറ്റുമായി ക്ഷേത്ര സമാനമായ സ്ഥലം ഒരുക്കിയിരുന്നു. ഇവിടെ പലപ്പോഴും പൂജകളും മറ്റും നടക്കാറുണ്ടായിരുന്നുവെന്ന് അയൽക്കാരനായ ഓമനക്കുട്ടൻ പറഞ്ഞു. 

നേരത്തെ ശംഖുമുഖത്ത് മുട്ടക്കച്ചവടമായിരുന്നുവെന്നും തന്നെ പാരൽ കോളേജിൽ പഠിപ്പിച്ച സാറായിരുന്നുവെന്നും അയൽക്കാരനായ ഓമനക്കുട്ടൻ പറഞ്ഞു. രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. പുറത്ത് നിന്നുള്ളവരാണ് ഇവിടെ പൂജക്കും മറ്റും എത്താറുള്ളത്. വര്‍ഷങ്ങളായി ഇവിടെയുണ്ടെന്നും ഓമനക്കുട്ടൻ പറഞ്ഞു. പ്രദീപ് കുമാര്‍ എന്നായിരുന്നു ദേവീദാസന്‍റെ ആദ്യത്തെ പേര്. ഈ പേരിലായിരുന്നു മുട്ടക്കച്ചവടം. പിന്നീട് പാരൽ കോളേജിൽ പ്രദീപ്കുമാര്‍ എന്ന പേരിൽ തന്നെ അധ്യാപകനായും ജോലി ചെയ്തു.

ഇതിനിടയിൽ എസ്‍പി കുമാര്‍ എന്ന കാഥികനായും അറിയപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതിനുശേഷമാണ് ദേവീദാസൻ എന്ന പേരിൽ പൂജയും മറ്റു കാര്യങ്ങളുമായി കരിക്കകത്ത് സജീവമാകുന്നത്. ഇയാള്‍ പണം ഇയാള്‍ തട്ടിയെടുത്തതായി ശ്രീതു മൊഴി നൽകിയിരുന്നു. സ്വാമിയായി മാറിയതോടെ നാട്ടുകാര്‍ക്കിടയിൽ ഇയാള്‍ മുട്ടസ്വാമി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.