നഗര പരിധിയിൽ 5 സെന്റിലും ഗ്രാമങ്ങളിൽ 10 സെന്റിലും വീട്; ഭൂമി തരംമാറ്റാനുള്ള അപേക്ഷകളിൽ അതിവേഗം തീരുമാനമുണ്ടാകണം, ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി
വീട് വയ്ക്കുന്നതിന് ഭൂമി തരംമാറ്റാനുള്ള അപേക്ഷകളിൽ അതിവേഗം തീരുമാനമുണ്ടാകണമെന്നും നിയമപരമായ തടസ്സങ്ങളുണ്ടെങ്കിൽ അപേക്ഷകരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൈക്കാട് അതിഥി മന്ദിരത്തിൽ രണ്ട് ദിവസമായി ചേർന്ന ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നഗര പരിധിയിൽ 5 സെന്റിലും ഗ്രാമങ്ങളിൽ 10 സെന്റിലും വീട് വയ്ക്കുന്നതിന് അപേക്ഷ നൽകിയാൽ ആവശ്യമായ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കി അനുവാദം നൽകണം. നെൽവയൽ നിയമം വരുന്നതിനു മുൻപ് പുരയിടമായി പരിവര്‍ത്തിക്കപ്പെട്ട ഭൂമി തരംമാറ്റുന്നതിന് സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കണം. 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിന് ഫീസില്ലാത്തതിനാല്‍ വേഗത്തിൽ നടപടി സ്വീകരിക്കണം. ഇക്കാര്യങ്ങളിൽ കൃഷി, റവന്യു വകുപ്പുകളുമായി ഏകോപനമുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിസ്ട്രിക്ട് മൈനിങ് ഫണ്ട് ഉപയോഗപ്പെടുത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് മുഖേന ജില്ലാതലത്തിൽ കാലാവസ്ഥാ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കണം. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രവചിക്കുന്ന നൂതന ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ഉൾപ്പടെയുള്ളവ ഈ ഫണ്ടിലൂടെ സ്ഥാപിക്കാനാകണം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങൾ സമാഹരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യണം. വിവിധ നിർമ്മാണ പദ്ധതികൾ, റോഡ്, റെയിൽവേ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണം. സർവ്വേയർ ക്ഷാമത്തിന് പരിഹാരം കാണാന്‍ ആവശ്യമെങ്കിൽ വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം തേടണം. ദേശീയപാതാ വികസനത്തിന് തടസ്സങ്ങൾ ഉണ്ടാകാതെ നടപടികൾ വേഗത്തിലാക്കണമെന്ന് മുഖ്യമന്തി പറഞ്ഞു.