'പണ്ട് അമ്പും വില്ലുമായിരുന്നു എങ്കിൽ ഇന്ന് പല തരത്തിലുള്ള തോക്കുകളാണ് കുട്ടികളുടെ കളിപ്പാട്ടങ്ങൾ, സിനിമ കൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്': ബ്ലെസി

പൊതുസമൂഹത്തിൽ അതിക്രമങ്ങൾ നിറയുന്ന പശ്ചാത്തലത്തിൽ സിനിമയിലെ വയലൻസ് അതിന് കാരണമാകുന്നുണ്ടോ എന്ന വിഷയത്തെ ചൊല്ലിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. സിനിമകൾ കൊണ്ട് മാത്രമാണ് സമൂഹത്തിന്റെ ചിന്താഗതി മാറുന്നത് എന്ന് പറയാനാകില്ലെങ്കിലും സിനിമയിലൂടെ നാം കാണുന്ന തലയില്ലാത്ത കബന്ധങ്ങൾ നമ്മുടെ മനസിൽ പതിയുന്നുണ്ടെന്ന് പറയുകയാണ് സംവിധായകൻ ബ്ലെസി. സെൻസർ ചെയ്യപ്പെട്ട സിനിമകൾ കുട്ടികൾ കാണുന്നതിന് വിലക്കുള്ളതായി നമ്മുടെ നാട്ടിലെ തിയറ്ററുകളിൽ കണ്ടിട്ടില്ലെന്നും എന്നാൽ ഗൾഫ് രാജ്യങ്ങളിൽ ഇത് കർശനമായി പാലിക്കപെടുന്നുണ്ടെന്നും ബ്ലെസി പറഞ്ഞു.
സിനിമയിൽ മാത്രമല്ല ഇത് ബേസിക് ആയി കാണാൻ കഴിയുന്നത്. വീഡിയോ ഗെയിമുകളിലാണ്. കഴിഞ്ഞ 15 വർഷത്തെ കാര്യം നോക്കിയാൽ മതി. നമ്മൾ കുട്ടികൾക്ക് വാങ്ങി കൊടുക്കുന്ന കളിപ്പാട്ടങ്ങളിൽ പോലും ഈ വസ്തുത കാണാം. പണ്ട് അമ്പും വില്ലുമായിരുന്നു എങ്കിൽ ഇന്ന് പല തരത്തിലുള്ള തോക്കുകളാണ് കുട്ടികളുടെ കളിപ്പാട്ടങ്ങൾ.
സെൻസർ ചെയ്യപ്പെട്ട സിനിമകൾ കുട്ടികൾ കാണുന്നതിന് വലിയ വിലക്കുള്ളതായി നമ്മുടെ നാട്ടിലെ തിയറ്ററുകളിൽ കണ്ടിട്ടില്ല. പക്ഷെ ഗൾഫ് രാജ്യങ്ങളിൽ യു/എ സർട്ടിഫിക്കറ്റുള്ള സിനിമകൾ കുട്ടികളെ കാണിക്കാറില്ല. സിനിമകൾ സെൻസറിങ് ചെയ്യുന്നതിനും കൃത്യതയുണ്ടോ എന്ന് സംശയമാണ്. കാരണം ഒരു സമൂഹത്തിലേക്കാണ് ഈ സിനിമകൾ വരുന്നത്. ഇത്തരം കാഴ്ചകൾ എല്ലാവരെയും ബാധിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.