ഇൻഡിഗോ പ്രതിസന്ധി: അധിക കോച്ചുകളുമായി റെയിൽവേ, സ്പെഷ്യൽ ട്രെയിനുകളും അനുവദിക്കും
ഇൻഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അധിക കോച്ചുകളുമായി റെയിൽവേ. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളാണ് അനുവദിച്ചത്. ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെയാണ് അധിക കോച്ചുകൾ അനുവദിച്ചത്. സ്ലീപ്പർ, എ.സി ചെയർ കാർ, ജനറൽ, സെക്കൻഡ് ക്ലാസ് കോച്ചുകളാണ് റെയിൽവേ അനുവദിച്ചിരിക്കുന്നത്.
ഇതിന് പുറമേ 30 സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. 18 കോച്ചുകളുള്ള ട്രെയിനുകളാവും അനുവദിക്കുക. 30,780 യാത്രക്കാരെ ഒരു ട്രിപ്പിൽ ഈ ട്രെയിനുകളിൽ കൊണ്ടുപോകാൻ സാധിക്കും. ഈ ട്രെയിനുകൾ 57 ട്രിപ്പുകളാവും നടത്തുക. 21,16,800 പേർക്ക് ഇതിലൂടെ യാത്രസൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അധിക കോച്ചുകളിലൂടെ 4000 യാത്രക്കാരെ ഒരു ട്രിപ്പിൽ കൊണ്ടുപോകാൻ കഴിയുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. ഏകദേശം 4,89,288 യാത്രക്കാർക്ക് ഇതുമൂലം ഗുണം ലഭിക്കുമെന്നാണ് റെയിൽവേ പ്രതീക്ഷ.
