ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിൻ മത്സരിക്കുന്നത് സ്റ്റെതസ്കോപ്പ് ചിഹ്നത്തിൽ; പാലക്കാട് 10 സ്ഥാനാർത്ഥികൾ ജനവിധി തേടും
നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിന് സ്റ്റെതസ്കോപ്പ് ചിഹ്നം അനുവദിച്ചു. അന്തിമ പട്ടികയായപ്പോൾ പാലക്കാട് 10 സ്ഥാനാർത്ഥികളാണ് ഉള്ളത്. ആർ രാഹുൽ എന്ന് പേരായ രണ്ട് പേരടക്കമാണ് പത്രിക നൽകിയിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രമേഷ് കുമാര്‍ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് മത്സരത്തിൽ നിന്ന് പിന്മാറി. കെ. ബിനുമോള്‍ (സി.പി.ഐ.എം) നേരത്തെ പത്രിക പിന്‍വലിച്ചിരുന്നു.
പാലക്കാട് കോൺഗ്രസിന് വേണ്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ കൈപ്പത്തി ചിഹ്നത്തിലും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ താമര ചിഹ്നത്തിലും മത്സരിക്കുന്നുണ്ട്. കോൺഗ്രസ് വിട്ടുവന്ന ഡോ.പി.സരിനെ സിപിഎം ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരത്തിനിറക്കിയത്. ഡോക്ടറും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ സരിൻ ഓട്ടോറിക്ഷ ചിഹ്നത്തിനാണ് പ്രഥമ പരിഗണന നൽകിയത്. എന്നാൽ രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികൾ ഓട്ടോറിക്ഷ ചിഹ്നം ആവശ്യപ്പെട്ടതോടെ മൂന്ന് പേർക്കുമായി നറുക്കെടുപ്പ് നടത്തി. ഇതിൽ സരിന് സ്റ്റെതസ്കോപ്പാണ് ചിഹ്നമായി കിട്ടിയത്.