തിരുവനന്തപുരം കോർപ്പറേഷനിൽ വൻ അഴിമതി ആരോപണം; കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരാതി നൽകി
തിരുവനന്തപുരം കോർപ്പറേഷനിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ബിജെപി കേന്ദ്രത്തിന് പരാതി നൽകി. കോർപ്പറേഷനിലെ അഴിമതികൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്രത്തിന് നൽകിയ പരാതിയിലെ പ്രധാന ആവശ്യം. നഗരവകുപ്പ് മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനുമാണ് അദ്ദേഹം പരാതി നൽകിയിട്ടുള്ളത്.
തിരുവനന്തപുരത്ത് 20,000 കോടി രൂപ ചെലവാക്കിയെന്നാണ് സി.പി.എം. അവകാശപ്പെടുന്നതെങ്കിലും, മാലിന്യ പ്രശ്നം പരിഹരിക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. സ്കൂളുകളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കാൻ സാങ്കേതിക പരിജ്ഞാനമില്ലാത്ത കുടുംബശ്രീയെ ഏൽപ്പിച്ചതിൽ അഴിമതിയുണ്ടെന്നും പരാതിയിൽ പറയുന്നു. ഇ-റിക്ഷകൾ വാങ്ങിയതിലും മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്ക് ലാപ്ടോപ്പ് നൽകിയ പദ്ധതിയിലും തട്ടിപ്പ് നടന്നതായും ബിജെപി ആരോപിച്ചു. സ്മാർട്ട് സിറ്റി സോളാർ പദ്ധതിക്ക് കരാർ ലഭിച്ചവർ ഇത് ഉപകരാർ നൽകി വീതം വെച്ചതായും പരാതിയിൽ ആരോപണമുണ്ട്.
