നഗരസഭയിലെ കത്ത് വിവാദം; മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും

  1. Home
  2. Trending

നഗരസഭയിലെ കത്ത് വിവാദം; മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും

arya rajendran


തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താന്‍ മേയറുടെ സമയം അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് നടപടി. ഓംബുഡ്‌സ്മാന്റെ കത്തിന് മറുപടി നല്‍കിയതിന് പിന്നാലെ ഹൈക്കോടതിക്കും കോര്‍പ്പറേഷന്‍ രേഖാമൂലം മറുപടി  നല്‍കും. അതിനിടെ മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ നഗരസഭയ്ക്ക്  മുന്നില്‍ ഇന്നും തുടരും.

തിരുവനന്തപുരം നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍കേസെടുത്ത പശ്ചാത്തലത്തിലാണ് മേയറുടെമൊഴി വിശദമായി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡിആര്‍ അനിലിന്റെയും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മൊഴികളും ഉടന്‍ രേഖപ്പെടുത്തും.

കത്ത് തയ്യാറാക്കിയ കമ്പ്യൂട്ടറും വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച ഫോണുകളും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കും.ഇവ കോടതിയുടെ അനുമതിയോടെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്.കത്ത് ആദ്യം ഷെയര്‍ ചെയ്യപ്പെട്ട വാട്‌സപ്പ് ഗ്രൂപ്പിന്റെ അഡ്മിനെ ചോദ്യം ചെയ്യുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. മേയറുടെ ഓഫീസിലെ ജീവനക്കാരുടെമൊഴിയും എടുക്കും.  വിശദീകരണം ആവശ്യപ്പെട്ട് ഓംബുഡ്‌സ്മാന്‍ നല്‍കിയ കത്തിന്, പരാതി ഓംബുഡ്‌സ്മാന്റെ പരിധിയില്‍ വരുന്നതല്ല എന്നും അന്വേഷണം ആവശ്യമില്ല എന്നും മേയര്‍ വിശദീകരണം നല്‍കിയതോടെ തുടര്‍നടപടി എന്താകുമെന്ന് ഇന്ന്  അറിയാം.ഹൈക്കോടതി നല്‍കിയ നോട്ടീസിനും മേയര്‍ഉടന്‍ വിശദീകരണം നല്‍കും.