നെൻമാറ ഇരട്ടക്കൊലപാതകം; പൊലീസിന്റെ വീഴ്ച്ച, സ്റ്റേഷൻ മാർച്ചുമായി യൂത്ത് കോൺഗ്രസ്

നെൻമാറ ഇരട്ടക്കൊലപാതകത്തിൽ പൊലീസിന്റെ വീഴ്ച്ചയിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചുമായി യൂത്ത് കോൺഗ്രസ്. പൊലീസ് സ്റ്റേഷനുമുന്നിൽ മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചതോടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകരെ സംഘർഷത്തിൽ നിന്ന് പിന്തിരിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെയെല്ലാം വിട്ടയച്ചതോടെ പ്രദേശത്തെ സംഘർഷാവസ്ഥ അയഞ്ഞു.
നെന്മാറ കൊലപാതകത്തിന് സാഹചര്യം ഉണ്ടാക്കിക്കൊടുത്തത് പൊലീസ് ആണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കൊല ചെയ്തത് ചെന്താമരയാണെങ്കിൽ കൊലയ്ക്ക് അവസരമൊരുക്കിയത് നെന്മാറ സിഐ ആണ്. പരാതിയുണ്ടായിട്ടും പ്രതിയെ തലോടി വിട്ടത് എന്തിനെന്ന് പൊലീസ് വ്യക്തമാക്കണം. ജാമ്യവ്യവസ്ഥ ലംലിച്ച് പ്രതിയെത്തിയത് പൊലീസിൻ്റെ പ്രതിയോടുള്ള വിധേയത്വം കൊണ്ടാണ്. പൊലീസിന് നൽകുന്ന പണം കൊണ്ട് നാല് കോലം കെട്ടിവെക്കുന്നതാണ് നല്ലത്. കൊലയാളികളുടെ കയ്യിലേക്ക് മനുഷ്യരെ പിച്ചിച്ചീന്താൻ ആയുധം കൊടുക്കുന്നതാണ് പൊലീസിന് നല്ലത്. അനാഥത്വം പേറുന്ന കുട്ടികൾക്ക് എന്ത് സംരക്ഷണമാണ് സർക്കാർ നൽകുകയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.