പുതിയ മന്ദിരം ഇനി ‘ഇന്ത്യയുടെ പാർലമെന്റ്’; ഫോട്ടോ സെഷനിടെ ബിജെപി എംപി കുഴഞ്ഞുവീണു

  1. Home
  2. Trending

പുതിയ മന്ദിരം ഇനി ‘ഇന്ത്യയുടെ പാർലമെന്റ്’; ഫോട്ടോ സെഷനിടെ ബിജെപി എംപി കുഴഞ്ഞുവീണു

Parliament


പുതിയ മന്ദിരം ഇനി ‘ഇന്ത്യയുടെ പാർലമെന്റ്’ എന്നറിയപ്പെടുമെന്ന് ഔദ്യോഗിക വിജ്ഞാപനം ഇറങ്ങി. പുതിയ പാർലമെന്റ് മന്ദിരം എന്ന വിശേഷണം ഇനി ഉപയോഗിക്കേണ്ടതില്ല. ഇന്നു മുതൽ ഈ മന്ദിരത്തിലാണ് പാർലമെന്റ് സമ്മേളനം.

പുതിയ മന്ദിരം ചരിത്രപരമായ തീരുമാനങ്ങൾക്കു സാക്ഷ്യം വഹിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോടെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനു തിങ്കളാഴ്ച തുടക്കമായത്. പഴയ മന്ദിരത്തിലെ അവസാന സമ്മേളന ദിനവുമായിരുന്നു ഇന്നലെ. ഭാരതത്തിന്റെ ആത്മാവിന്റെ ശബ്ദം ഇവിടെ മുഴങ്ങുമെന്നും 50 വർഷം കഴിഞ്ഞ് ഇവിടെ വരുന്നവർക്കും അത് അനുഭവപ്പെടുമെന്നും മോദി പറഞ്ഞു. 

രാവിലെ ഇരു സഭകളിലെയും അംഗങ്ങൾ പഴയ മന്ദിരത്തിലെ സെൻട്രൽ ഹാളിനു മുൻപിലെ അങ്കണത്തിൽ ഒത്തുചേർന്നു ഫോട്ടോ എടുത്തു. ഫോട്ടോ സെഷനിടെ ബിജെപി എംപി കുഴഞ്ഞുവീണു. ഗുജറാത്തിൽനിന്നുള്ള രാജ്യസഭാ എംപി നർഹരി അമിൻ ആണു കുഴഞ്ഞുവീണത്. ഫോട്ടോ സെഷനുശേഷം സെൻട്രൽ ഹാളിൽ അവസാനത്തെ സംയുക്ത സമ്മേളനം. പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ, രാജ്യസഭാ പ്രതിപക്ഷ നേതാവ് എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്ക് പുതിയ മന്ദിരത്തിൽ സമ്മേളനം ആരംഭിക്കും.

എംപിമാർക്ക് ഭരണഘടനയുടെ പകർപ്പ്, പുതിയ മന്ദിരത്തിന്റെ സ്മരണികയായി നാണയം, സ്റ്റാംപുകൾ, പുതിയ മന്ദിരത്തിന്റെ വിവരങ്ങളടങ്ങിയ ലഘുലേഖ എന്നിവ നൽകും. ഭരണഘടനയുടെ പകർപ്പുമായി പഴയ മന്ദിരത്തില്‍നിന്ന് പുതിയതിലേക്ക് പ്രധാനമന്ത്രി നടക്കും. കേന്ദ്രമന്ത്രിമാരും എംപിമാരും അനുഗമിക്കും. ഉച്ചയ്ക്കു 1.15ന് ലോക്സഭയും 2.15ന് രാജ്യസഭയും ചേരും. വനിതാ സംവരണ ബിൽ അടക്കമുള്ളവ ബുധനാഴ്ചയാകും പരിഗണിക്കുക. വനിതാ സംവരണമാകും ആദ്യ ബിൽ എന്നാണു സൂചന.