നിപ: ഹൈ റിസ്ക് സമ്പർക്കമുണ്ടായിരുന്ന 61 പേരുടെ ഫലവും നെഗറ്റീവ്, ആശങ്ക കുറയുന്നു

  1. Home
  2. Trending

നിപ: ഹൈ റിസ്ക് സമ്പർക്കമുണ്ടായിരുന്ന 61 പേരുടെ ഫലവും നെഗറ്റീവ്, ആശങ്ക കുറയുന്നു

nipah


ഹൈ റിസ്ക് സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 61 പേരുടെ നിപ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി. ഇതോടെ സംസ്ഥാനത്തെ നിപ ബാധയിൽ ആശങ്ക കുറയുകയാണ്. രണ്ടാമത് മരിച്ച മംഗലാട്ട് സ്വദേശിയുമായി അടുത്ത സമ്പർക്കമുണ്ടായിരുന്ന വ്യക്തിയുടെയും, ഏറ്റവും അവസാനം പോസറ്റീവായ ചെറുവണ്ണൂർ സ്വദേശിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകയുടെയും ഫലം നെഗറ്റീവാണ്.

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര മൃഗസംരക്ഷണ സംഘം ഇന്ന് കോഴിക്കോടെത്തും. നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന സംഘം, സാമ്പിളുകളും ശേഖരിക്കും. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്നും കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡോക്ടർമാരും കേന്ദ്ര സംഘത്തോടൊപ്പം ചേരും.

അതേസമയം കോഴിക്കോട് ഇപ്പോഴും കനത്ത ജാഗ്രത തുടരുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച് അയച്ച സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് പുറത്ത് വരും. നിലവിൽ 1233 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 27 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്.