പെരിയ കൊലക്കേസ്; സിബിഐക്കെതിരെ പ്രതി മണികണ്ഠൻ; 'കൂട്ടിലിട്ട തത്തയ്ക്ക് യജമാനനെ അനുസരിക്കാനേ നിവൃത്തിയുള്ളൂ'
സിബിഐയ്ക്കെതിരെ വിമർശനവുമായി പെരിയ ഇരട്ടക്കൊലക്കേസ് പ്രതി കെ. മണികണ്ഠൻ. കൂട്ടിലിട്ട തത്തയ്ക്ക് യജമാനനെ അനുസരിക്കാൻ മാത്രമേ നിവൃത്തിയുള്ളൂവെന്ന് മണികണ്ഠൻ പറഞ്ഞു. കള്ള സാക്ഷികളും വ്യാജ മൊഴികളും കൊണ്ട് താൽക്കാലികമായി നിങ്ങൾക്ക് സത്യത്തെ തോൽപ്പിക്കാൻ കഴിഞ്ഞേക്കും, ഞങ്ങളെ തുറങ്കിലടക്കാനും. പക്ഷേ തോൽപ്പിക്കാനാവില്ലന്നും ഫേസ്ബുക്കിലെഴുതിയ പോസ്റ്റിൽ മണികണ്ഠൻ പറയുന്നു.
മാധ്യമ വിചാരണയും വലതുപക്ഷ ഗൂഢാലോചനയും സത്യത്തിൻ്റെ കണ്ണ് മൂടിക്കെട്ടിയാൽ എന്തു ചെയ്യും. ആത്യന്തികമായി സത്യം ജയിക്കും നീതി ലഭിക്കുകയും ചെയ്യും.-മണികണ്ഠൻ പറയുന്നു. പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പിഴ തുക കൃപേഷിന്റെയും ശരത്ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചു.