പാലക്കാട് സ്ഥാനാർത്ഥിയായി രാഹുൽ വന്നത് സതീശന്റെയും ഷാഫിയുടെയും പാക്കേജ്; എം വി ഗോവിന്ദൻ
പാലക്കാട് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ വന്നിട്ടുള്ളത് സതീശനും ഷാഫിയും ചേർന്ന് നടപ്പാക്കിയ പ്രത്യേക പാക്കേജ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസ് ജില്ലാ നേതൃത്വം ഐകകണ്ഠമായി കെ മുരളീധരനെയാണ് ശുപാർശ ചെയ്തതെന്ന കാര്യം ഇപ്പോൾ പുറത്തുവന്നിരിക്കുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു. ഡിസിസി തീരുമാനം നടപ്പിലാക്കാത്തതിന് പിന്നിൽ സതീശനും ഷാഫി പറമ്പിലുമാണ്. ഇക്കാര്യം കോൺഗ്രസിനകത്ത് വലിയ ചർച്ചയായിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങാൻ ഇത് കാരണമാകും. തരൂർ പറഞ്ഞിട്ടുണ്ട് സരിൻ മിടുക്കനായ സ്ഥാനാർത്ഥിയാണെന്ന്. അതുപോലെ തന്നെ സരിൻ മിടുമിടുക്കനായ സ്ഥാനാർത്ഥിയെന്ന് വെള്ളാപ്പള്ളി നടേശനും പറഞ്ഞിട്ടുണ്ടെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
ലീഗ് വർഗീയശക്തിയുമായി ചേരുന്നു എന്നത് പാർട്ടിയുടെയും അഭിപ്രായം ആണെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. ഇസ്ലാമിക രാഷ്ട്രീയം വേണമെന്ന് വർഗീയ നിലപാട് സ്വീകരിക്കുന്ന ജമാഅത്തെ ഇസ്ലാമുമായും എസ്ഡിപിഐയുമായും ചേർന്നുനിൽക്കുന്ന നിലപാടാണ് ലീഗ് സ്വീകരിക്കുന്നത്. മുസ്ലിംലീഗിന്റെ മതനിരപേക്ഷ ഉള്ളടക്കത്തിന് മുകളിൽ ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും നിലപാടിന് സ്വാധീനം കിട്ടുന്നു.
അത് ന്യൂനപക്ഷ സംരക്ഷണത്തിൽ നിൽക്കുന്ന പ്രസ്ഥാനങ്ങൾക്കുള്ള വെല്ലുവിളിയാണ്. ലീഗിന്റെ നിലപാട് ഉത്കണ്ഠ ഉണ്ടാക്കുന്നു എന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പാർട്ടിക്കും അതേ നിലപാട് തന്നെയാണ്. തൃശ്ശൂർ പൂരം കലക്കാൻ ശ്രമിക്കുകയാണ് ഉണ്ടായത്. അത് വിജയിച്ചില്ല. വെടിക്കെട്ട് താമസിപ്പിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. അക്കാര്യം മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.