അഭിരാമി ബന്ധുവിന്റെ മരണത്തെത്തുടര്‍ന്ന് വിഷാദത്തിന് അടിമയായി,പിന്നാലെ ബാങ്കിന്റെ ജപ്തി നോട്ടീസും; റിപ്പോര്‍ട്ട് തേടി മന്ത്രി വി എന്‍ വാസവന്‍

  1. Home
  2. Trending

അഭിരാമി ബന്ധുവിന്റെ മരണത്തെത്തുടര്‍ന്ന് വിഷാദത്തിന് അടിമയായി,പിന്നാലെ ബാങ്കിന്റെ ജപ്തി നോട്ടീസും; റിപ്പോര്‍ട്ട് തേടി മന്ത്രി വി എന്‍ വാസവന്‍

abhirami suide case


വീട്ടില്‍ ബാങ്കിന്റെ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത അഭിരാമി(19) ബന്ധുവിന്റെ മരണത്തെത്തുടര്‍ന്ന് വിഷാദത്തിന് അടിമയായിരുന്നുവെന്ന് പൊലീസ്. അടുത്ത ബന്ധുവും അഭ്യുദയകാംക്ഷിയും ഉപദേശകനുമായ അരുണിന്റെ ആകസ്മിക മരണം അഭിരാമിയെ തകര്‍ത്തിരുന്നു. ഹൃദയാഘാതം മൂലം ഏതാനും ദിവസം മുമ്പാണ് അരുണ്‍ മരിച്ചത്. ഇതേത്തുടര്‍ന്നുള്ള മാനസിക പ്രയാസത്തിനിടെയാണ് ബാങ്കിന്റെ ജപ്തി നോട്ടീസ് വീട്ടില്‍ പതിച്ചതെന്നും പൊലീസ് പറഞ്ഞു.  ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളജിലെ രണ്ടാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് അഭിരാമി.

പഠിക്കാന്‍ മിടുക്കിയായിരുന്ന അഭിരാമിക്ക് പഠനത്തിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് അരുണാണ്. മാത്രമല്ല, അഭിരാമിയുടെ ഓരോ വിജയത്തിന് പിന്നിലും അരുണ്‍ ശക്തമായ പിന്തുണ നല്‍കിയിരുന്നു. അരുണിന്റെ ആകസ്മിക വിയോഗം അഭിരാമിക്ക് താങ്ങാനാകുമായിരുന്നില്ല. ഇതിനുപിന്നാലെയുള്ള ബാങ്ക് നടപടി മാനസിക പ്രയാസം വര്‍ധിപ്പിച്ചതായും ശൂരനാട് പൊലീസ് ഇന്‍സ്പെക്ടര്‍ ജോസഫ് ലിയോണ്‍ പറഞ്ഞു.

തിങ്കളാഴ്ചയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിക്കുന്നത്. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അയല്‍ വീട്ടുകാര്‍ നടപടിയില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി ശൂരനാട് പഞ്ചായത്ത് അംഗം ഷീബ പറഞ്ഞു. തങ്ങളുടെ ജോലി നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവത്തില്‍ എല്ലാവശവും പരിശോധിക്കുന്നതായി പൊലീസ് ഇന്‍സ്പെക്ടര്‍ ജോസഫ് ലിയോണ്‍ വ്യക്തമാക്കി.

നാലു വര്‍ഷം മുമ്പാണ് അഭിരാമിയുടെ പിതാവ് കേരള ബാങ്കിന്റെപത്തനംതിട്ട ശാഖയില്‍ നിന്നും 10 ലക്ഷം രൂപ വായ്പയെടുക്കുന്നത്. വീടുപണി, അച്ചന്റെയും ഭാര്യയുടേയും ചികിത്സ എന്നിവ കൊണ്ടുണ്ടായ ബാധ്യത തീര്‍ക്കുന്നതിനാണ് വായ്പയെടുത്തത്. വിദേശത്ത് കമ്പനി ജീവനക്കാരനായിരുന്ന അജികുമാര്‍ കോവിഡിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയതോടെയാണ് വായ്പാ തിരിച്ചടവ് മുടങ്ങിയത്.

അതേസമയം ശൂരനാട് ജപ്തി നോട്ടീസ് പതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വി എന്‍ വാസവന്‍. വിഷയത്തിന്റെ ഉള്ളടക്കം പരിശോധിച്ച് കൂടുതല്‍ പ്രതികരിക്കാമെന്ന് മന്ത്രി പറഞ്ഞു. കേരള ബാങ്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. ജപ്തി വിഷയത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല. വീട്ടില്‍ ബോര്‍ഡ് വച്ചതില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വ്യക്തമാക്കി.

വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ സംസ്‌ക്കാരം ഇന്ന് നടക്കും. സംഭവത്തില്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ചെയ്തെങ്കില്‍ നടപടിയെടുക്കുമെന്ന് സഹകരണ വകുപ്പ് അറിയിച്ചിരുന്നു