നിപ: കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ശബരിമല ദർശനം പാടില്ല, കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

  1. Home
  2. Trending

നിപ: കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ശബരിമല ദർശനം പാടില്ല, കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

Nipa


നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ശബരിമല തീര്‍ത്ഥാടനം പാടില്ലെന്ന് നിർദേശം. ശബരിമല തീര്‍ത്ഥാടകര്‍ക്കായി പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഈക്കാര്യം പറയുന്നത്. കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട പ്രദേശം ശബരിമല തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കരുത്. പനി, ജലദോഷം, ശ്വാസകോശ രോഗങ്ങൾ എന്നിവ ഉള്ളവർ യാത്ര ഒഴിവാക്കണം. മറ്റ് രോഗ ബാധിതര്‍ അനുബന്ധ ചികിത്സ രേഖകള്‍ കൈയില്‍ കരുതണമെന്നും നിർദേശമുണ്ട്.

അതേസമയം, പുതിയ നിപ കേസുകൾ റിപ്പോർട്ട്‌ ചെയ്യാത്ത സാഹചര്യത്തിൽ കോഴിക്കോട് പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ്‌ സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇവിടെ കടകമ്പോളങ്ങൾ രാത്രി 8 മണി വരെയും, ബാങ്കുകൾ ഉച്ചയ്ക്ക് രണ്ടുമണിവരെയും പ്രവർത്തിക്കാമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. എന്നാൽ മറ്റുനിയന്ത്രണങ്ങൾ തുടരും. 

വടകര താലൂക്കിലെ കുറ്റ്യാടി, കായക്കൊടി, വില്യപ്പള്ളി, കാവിലുംപാറ പുറമേരി, ചങ്ങോരത്ത്, ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ തുടങ്ങിയ പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ്‌ സോണുകളായി പ്രഖ്യാപിച്ചിരുന്നു. ഈ സ്ഥലങ്ങളിലെ നിയന്ത്രണങ്ങൾക്കാണ് ഇളവ് വരുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.