മദ്യ നയം മാറും മുൻപ് സ്ഥലം വാങ്ങി; ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റി: പുറത്തുവിട്ട രേഖ വ്യാജമെന്ന് മന്ത്രി പറഞ്ഞിട്ടില്ലെന്ന് സതീശന്‍

  1. Home
  2. Trending

മദ്യ നയം മാറും മുൻപ് സ്ഥലം വാങ്ങി; ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റി: പുറത്തുവിട്ട രേഖ വ്യാജമെന്ന് മന്ത്രി പറഞ്ഞിട്ടില്ലെന്ന് സതീശന്‍

vd-satheesan


പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിയിൽ തീരുമാനമെടുത്തത് മുഖ്യമന്ത്രിയും, മന്ത്രി എം.ബി രാജേഷും മാത്രം അറിഞ്ഞെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആവര്‍ത്തിച്ചു. താൻ പുറത്തുവിട്ട രേഖ വ്യാജമെന്ന് സർക്കാർ പറഞ്ഞിട്ടില്ല.

ഒയാസിസ് കമ്പനിക്കു വേണ്ടിയാണ് സർക്കാർ മദ്യനയം മാറ്റിയത്. മദ്യ നയം മാറും മുൻപ് അവർ അവിടെ സ്ഥലം വാങ്ങി. മദ്യനയം മാറും എന്ന് കമ്പനി എങ്ങിനെ അറിഞ്ഞു ? അപ്പോള്‍ ഈ കമ്പനിക്ക് വേണ്ടി ആണ് മദ്യനയം മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ബ്രൂവറി വന്നാൽ പാലക്കാട് വലിയ ജലക്ഷാമം ഉണ്ടാവും. ജലക്ഷാമം കൊണ്ട് പല പദ്ധതികളും ഉപേക്ഷിക്കേണ്ടി വന്നുവെന്ന് പാലക്കാട്  എം.പിയായിരിക്കെ പറഞ്ഞ ആളാണ് എം.ബി.രാജേഷെന്നും സതീശൻ പറഞ്ഞു. അരിയാണ് സ്പിരിറ്റുണ്ടാക്കാൻ പദ്ധതിയിൽ ഉപയോഗിക്കുക.ഇത് സി.പി.എം കേന്ദ്രനയത്തിനും എതിരാണ്.

ആരോപണങ്ങളോട് ഇത് വരെ കമ്പനി പ്രതികരിച്ചിട്ടില്ല. അവർക്ക് വേണ്ടി വീറോടെ വാദിക്കുന്നത് എക്സൈസ് മന്ത്രി ആണ്. പദ്ധതിക്ക് ജി.എസ്.ടി ഇല്ല എന്ന് മന്ത്രി മനസിലാക്കണം. 210 കോടി ജി.എസ്.ടി നഷ്ടമെന്നത് തെറ്റായ പ്രചാരണം ആണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

എലപ്പുള്ളി മദ്യനിർമ്മാണ കമ്പനിക്ക് അനുമതി നൽകിയതിലെ അഴിമതി സിബിഐ  അന്വേഷിക്കണമെന്ന് വി.കെ ശ്രീകണ്ഠൻ എംപിയും ആവശ്യപ്പെട്ടു. മന്ത്രി എംബി രാജേഷും ഭാര്യസഹേദരനും കമ്പനിയുമായി ചർച്ച നടത്തി. മുഖ്യമന്തിയെ തെറ്റിദ്ധരിപ്പിച്ചു. മുപ്പത് വർഷം പഴക്കമുള്ള മദ്യനയം മാറ്റിയത് അഴിമതിയാണ്. 2022ൽ ഒയാസിസിന് അനുമതി നിഷേധിച്ചു. പിന്നീട് ഒയാസിസിന് വേണ്ടി മദ്യനയംതന്നെ മാറ്റം വരുത്തി അനുമതി നൽകിയെന്നും അദ്ദേഹം ആരോപിച്ചു.