ദക്ഷിണ കൊറിയ വിമാനാപകടം; മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്ന് വിമാനകമ്പനി സിഇഒ; ദുഃഖം രേഖപ്പെടുത്തി ഇന്ത്യ

  1. Home
  2. Trending

ദക്ഷിണ കൊറിയ വിമാനാപകടം; മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്ന് വിമാനകമ്പനി സിഇഒ; ദുഃഖം രേഖപ്പെടുത്തി ഇന്ത്യ

FLIGHT


ദക്ഷിണ കൊറിയയില്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 150 കടന്നു. 179 പേര്‍ മരിച്ചതായുള്ള അനൗദ്യോഗിക കണക്കുകളും പുറത്തുവരുന്നുണ്ട്. അതിദാരുണമായ സംഭവത്തില്‍ മാപ്പ് പറഞ്ഞ് വിമാനകമ്പനിയായ ജെജു എയര്‍ലൈന്‍സ് രംഗത്തെത്തിയയതിന് പിന്നാലെ പൂര്‍ണമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കമ്പനി സിഇഒ കിം ഈ ബേ പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രസ്താവനയില്‍ കിം വ്യക്തമാക്കി. അപകടത്തിന്റെ യഥാര്‍ഥ കാരണമെന്താണെന്നോ എങ്ങനെയാണ് ദുരന്തം സംഭവിച്ചതെന്നോ വ്യക്തമല്ല, എങ്കിലും അപകടത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നുവെന്ന് കിം പ്രസ്താവനയില്‍ പറഞ്ഞു.

അപകടത്തില്‍ ജെജു എയര്‍ലൈന്‍സും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സാധ്യമായതെന്തും ചെയ്യുമെന്നാണ് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. അപകടത്തിന്റെ യഥാര്‍ഥ കാരണം എന്താണെന്ന് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ 15 വര്‍ഷമായി സര്‍വീസ് നടത്തുന്ന വിമാനമായിരുന്നു അത്, ഇതുവരെ അപകടത്തിന്റെ ചരിത്രമൊന്നും ഉണ്ടായിട്ടില്ലെന്ന് കമ്പനിയെ ഉദ്ധരിച്ച് യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ വിമാനകമ്പനി മാപ്പ് പറഞ്ഞിട്ടുണ്ട്. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ തങ്ങള്‍ തലതാഴ്ത്തി നില്‍ക്കുകയാണ്. ദാരുണമായ സംഭവത്തില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സാധ്യമായതെന്തും ചെയ്യാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നും ജെജു എയര്‍വേസ് സമൂഹമാധ്യമങ്ങളിലൂടെയും വെബ്സൈറ്റിലൂടെയും അറിയിച്ചിരുന്നു.

അപകടത്തിന് പിന്നാലെ ജെജു വെബ്സൈറ്റില്‍ പൊതുമാപ്പ് നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുഃഖസൂചകമായി ജെജു എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്സൈറ്റ് മിനിമല്‍ ഡിസൈനിലേക്ക് മാറുകയും ചെയ്തു. എമര്‍ജന്‍സ് പ്രോട്ടോക്കോള്‍ ആക്ടീവ് ആക്കിയതായും അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നിലവില്‍ സൈന്യവുമായി സഹകരിച്ചുള്ള അടിയന്തര രക്ഷാപ്രവര്‍ത്തന സര്‍വീസ് മാത്രമാണ് ജെജു എയര്‍ നടക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

പ്രദേശിക സമയം രാവിലെ 9 മണിയോടെയാണ് ജെജു എയര്‍ ഫ്‌ളൈറ്റ് അപകടത്തില്‍പെട്ടത്. ലാന്‍ഡിങ് ഗിയറിലെ തകരാറായിരുന്നു അപകടത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മുവാനിലെ മുസാന്‍ വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. ആറ് ജീവനക്കാരുള്‍പ്പെടെ 181 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ദക്ഷിണകൊറിയന്‍, തായ് പൗരന്മാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

വിമാനം റണ്‍വേയ്ക്ക് സമീപത്തെ മതിലുമായി കൂട്ടിയിടിച്ചപ്പോള്‍ യാത്രക്കാര്‍ എല്ലാവരും തെറിച്ചുവീണിരുന്നു. രക്ഷപ്പെടാനുള്ള സാധ്യത വിരളമാണ്. വിമാനം പാടെ തകര്‍ന്നു. മരണപ്പെട്ടവരെ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണുള്ളത്. പക്ഷിയിടിച്ചതിനെ തുടര്‍ന്നാണ് ലാന്‍ഡിങ് ഗിയര്‍ തകരാറിലായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അന്വേഷണം പുരോഗമിക്കുകയാണ്.

ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി ഇന്ത്യ. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ രാജ്യത്തിന്റെ ഹൃദയംഗമമായ അനുശോചനമറിയിക്കുന്നുവെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അമിത് കുമാര്‍ അറിയിച്ചു.

''മുവാന്‍ എയര്‍പോര്‍ട്ടില്‍ ഇന്ന് സംഭവിച്ച വിമാനാപകട ദുരന്തത്തില്‍ അതീവ ദുഃഖമുണ്ട്. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് രാജ്യത്തിന്റെ ഹൃദയംഗമമായ അനുശോചനമറിയിക്കുന്നു. റിപ്പബ്ലിക് ഓഫ് കൊറിയയിലെ ജനങ്ങള്‍ക്കും സര്‍ക്കാറിനും ഇന്ത്യന്‍ എംബസി ഐക്യദാര്‍ഢ്യമറിയിക്കുന്നു' - സോളില്‍ നിന്നും അമിത് കുമാര്‍ സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു.