പാസ്പോർട്ട് പിടിച്ചു വച്ചിട്ടും പ്രതി അമേരിക്കയിലേക്ക് പറന്നു; അമ്പരപ്പ് പ്രകടിപ്പിച്ച് സുപ്രീം കോടതി, അന്വേഷണം

  1. Home
  2. Trending

പാസ്പോർട്ട് പിടിച്ചു വച്ചിട്ടും പ്രതി അമേരിക്കയിലേക്ക് പറന്നു; അമ്പരപ്പ് പ്രകടിപ്പിച്ച് സുപ്രീം കോടതി, അന്വേഷണം

sc


 


പാസ്പോർട്ട് പിടിച്ചുവച്ചിരിക്കെ പ്രതി അമേരിക്കയിലേക്ക് പറന്നതിൽ അമ്പരപ്പ് പ്രകടിപ്പിച്ച് സുപ്രീം കോടതി. ഈ പ്രതിയെ രാജ്യത്തെത്തിക്കാനും അറസ്റ്റ് ചെയ്ത് വിചാരണ നടത്താനും സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ പ്രതി, പാസ്പോർട്ട് കോടതി പിടിച്ചുവെച്ചിരിക്കവെയാണ് അമേരിക്കയിലെത്തിയത്. ഇക്കാര്യം അറിഞ്ഞതോടെ പാസ്പോർട്ട് ഇല്ലാതെ എങ്ങനെയാണ് കുറ്റാരോപിതൻ യുഎസിലേക്ക് പറന്നതെന്ന് ജസ്റ്റിസുമാരായ സുധാൻഷു ദുലിയ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് അഭിഭാഷകനോട് ചോദിച്ചു. 'എങ്ങനെയാണ് ഒരു പ്രതിക്ക് പാസ്പോർട്ട് ഇല്ലാതെ രാജ്യംവിട്ട് യു എസിലേക്ക് പോകാൻ കഴിഞ്ഞത്. യു എസ് എന്നല്ല ഏതൊരു രാജ്യത്തേക്കും ഒരു വ്യക്തിക്ക് പാസ്പോർട്ട് ഇല്ലാതെ പോകുവാൻ സാധിക്കുകയില്ല. നിയമ വിരുദ്ധമായി മാത്രമേ ഒരാൾക്ക് ഇത്തരത്തിൽ വിദേശത്ത് എത്താനാകു എന്നും കോടതി നിരീക്ഷിച്ചു. കുറ്റം ചെയ്ത പ്രതിക്കെതിരെ സുപ്രീം കോടതി ജാമ്യമില്ല വകുപ്പ് ചുമത്തി വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.

കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭാര്യയുമായി നിയമപോരാട്ടം നടത്തിവന്നയാളാണ് കേസിനിടെ അമേരിക്കക്ക് പറന്നത്.  ഭാര്യയുമായി ബന്ധപ്പെട്ട കേസിൽ ഇയാളെ നേരത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് പാസ്പോർട്ട് കെട്ടിവച്ച ശേഷമാണ് ജാമ്യം നൽകിയത്. പാസ്പോർട്ട് കോടതി പിടിച്ചുവെച്ചിരിക്കവെയാണ് പ്രതി അമേരിക്കക്ക് പറന്നത്. പ്രതിയുടെ അഭിഭാഷകൻ വികാസ് സിംഗ് തന്നെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇതോടെ രോഷം പ്രകടിപ്പിച്ച കോടതി, പാസ്പോർട്ട് ഇല്ലാതെ ഈ വ്യക്തി എങ്ങനെയാണ് യു എസിലേക്ക് പോയതെന്ന് അന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു. പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തോടും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പാസ്പോർട്ട് ഇല്ലാതെ രാജ്യം വിടാൻ ആരാണ് അനുവാദം നൽകിയത്. രക്ഷപെടാൻ വേണ്ടി പ്രതിയെ സഹായിച്ചത് ആരാണെന്നും, വിഷയത്തിൽ മറ്റേതെങ്കിലും അധികൃതർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുവാനും എഎസ്ജി കെ എം നടരാജിനോട് കോടതി ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ ഫെബ്രുവരി 19 ലേക്ക് മാറ്റിവെച്ചു.

2006 ഫെബ്രുവരി 8 നാണ് പ്രതിയുടെയും പരാതിക്കാരിയുടെയും വിവാഹം കഴിഞ്ഞത്. ശേഷം യുഎസിലേക്ക് മാറി താമസിക്കുകയായിരുന്നു. 2017 സെപ്റ്റംബർ 12 ന് യുഎസിലെ മിഷിഗൺ കോടതിയിൽ ഭാര്യയുമായി വിവാഹമോചനം ആവശ്യപ്പെട്ട് കൊണ്ട് എത്തിയിരുന്നു. എന്നാൽ പിരിഞ്ഞു കഴിയുന്ന ഭാര്യ ഇയാൾക്കെതിരെ ഇന്ത്യയിൽ തന്നെ കേസുകൾ നൽകി. 2019 ഒക്ടോബർ 21ന് സുപ്രീം കോടതി ഇരുവരെയും വിളിച്ച് കേസ് ഒത്തുതീർപ്പിലാക്കാൻ ശ്രമിച്ചിരുന്നു. പിതാവിനൊപ്പമുള്ള കുട്ടിയെ, അമ്മയ്ക്കൊപ്പം വിടണമെന്നായിരുന്നു ഉത്തരവ്. എന്നാൽ പ്രതി അത് പാലിച്ചില്ല. ഇതേ തുടർന്നാണ് ഭാര്യ ഇയാൾക്കെതിരെ വീണ്ടും കോടതിയെ സമീപിച്ചത്.