'പ്രശ്നമുണ്ടെന്ന് അറിഞ്ഞിട്ടും, പരിപാടി നിർത്തിവയ്ക്കാൻ പറയാത്ത ആ കരുതൽ ഉണ്ടല്ലോ...'; അബിൻ വർക്കി
'പ്രശ്നമുണ്ടെന്ന് അറിഞ്ഞിട്ടും, പരിപാടി നിർത്തിവയ്ക്കാൻ പറയാത്ത ആ കരുതൽ ഉണ്ടല്ലോ...'; അബിൻ വർക്കി
കലൂർ നൃത്തപരിപാടിയിലെ അപകടത്തിൽ മന്ത്രി സജി ചെറിയാന്റെ പ്രതികരണത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി രംഗത്ത്. വേദിയിൽ സുരക്ഷാപ്രശ്‌നമുണ്ട് എന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് പരിപാടി നിർത്തിവെക്കാൻ സജി ചെറിയാൻ പറയാത്തതെന്ന ചോദ്യവുമായാണ് അബിൻ വർക്കി രംഗത്തുവന്നിരിക്കിക്കുന്നത്.
ഫേസ്ബുക്കിലൂടെയായിരുന്നു അബിൻ വർക്കിയുടെ ചോദ്യം. വേദിയിൽ സുരക്ഷാ പ്രശ്നം ഉണ്ടെന്ന് ഗൺമാൻ പറഞ്ഞെന്ന് മന്ത്രി സജി ചെറിയാൻ പറയുന്നത് കേട്ടുവെന്നും 'എന്നിട്ടും പരിപാടി നിർത്തിവയ്ക്കാൻ പറയാത്ത ആ കരുതൽ ഉണ്ടല്ലോ സാർ' എന്നുമായിരുന്നു അബിൻബ് വർക്കിയുടെ പ്രതികരണം. വേദിയിൽ ഉണ്ടായിരുന്ന മന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മാനം നോക്കിയിരിക്കുകയായിരുന്നോ എന്നും ഉമാ തോമസിനെ ഈ അവസ്ഥയിൽ എത്തിച്ചതിൽ മറുപടി പറയണമെന്നും അബിൻ വർക്കി പറഞ്ഞു.
ഗൺമാൻ സ്റ്റേജിന് സുരക്ഷയില്ലാത്ത കാര്യം തന്നോട് പറഞ്ഞിരുന്നു എന്നും അപകടം മനസിലാക്കിയത് കൊണ്ട് താൻ മുന്നോട്ട് പോയില്ല എന്നുമാണ് സജി ചെറിയാൻ പറഞ്ഞത്. ബാരിക്കേഡ് കെട്ടി സുരക്ഷ ഉറപ്പുവരുത്തണമായിരുന്നു എന്നും അതാണ് വന്ന വലിയ വീഴ്ച എന്നും സജി ചെറിയാൻ പറഞ്ഞു.