‘വന്യജീവി ആക്രമണത്തിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല'; മലയോര ജനതയെ വിധിക്ക് വിട്ടുകൊടുക്കരുതെന്ന് വി.ഡി സതീശൻ

  1. Home
  2. Trending

‘വന്യജീവി ആക്രമണത്തിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല'; മലയോര ജനതയെ വിധിക്ക് വിട്ടുകൊടുക്കരുതെന്ന് വി.ഡി സതീശൻ

vd-satheesan


മലയോരത്തെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പഞ്ചാരക്കൊല്ലിയിൽ കടുവ കൊന്ന രാധയുടെ വീട്ടിൽ സന്ദർശനം നടത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധി എന്താണോ അതുപോലെ ആയിക്കോട്ടെ, ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്ന നിസ്സംഗതയാണ് സർക്കാരിനെന്നും സതീശൻ കുറ്റപ്പെടുത്തി. 

‘‘ജനങ്ങൾ ഭീതിയിലാണ്. കുട്ടികൾക്ക് പുറത്തിറങ്ങാൻ പറ്റുന്നില്ല. കരിയില അനങ്ങിയാൽ പോലും പേടിയാണ്. കഴിഞ്ഞ മൂന്നര വർഷക്കാലം ഇക്കാര്യം ശക്തമായി നിയമസഭയിൽ ഉയർത്തി. 4 അടിയന്തര പ്രമേയം അവതരിപ്പിച്ചു. നാല് വർഷമായി വന്യജീവി ആക്രമണം പ്രതിരോധിക്കാൻ ഒന്നും ചെയ്തില്ല. എന്നിട്ട് ഗവർണറുടെ പ്രസംഗത്തിൽ എഴുതി വച്ചിരിക്കുകയാണ് കേരളത്തിൽ വന്യജീവി ആക്രമണം കുറഞ്ഞുവരികയാണെന്ന്. വനംമന്ത്രി നിയമസഭയിൽ പറയുകയാണ് ആക്രമണം കുറഞ്ഞുവെന്ന്.

സർക്കാർ തന്നെ തയാറാക്കിയ കണക്ക് ഞങ്ങൾ നിയമസഭയിൽ കാണിച്ചു. 2019 മുതൽ വന്യമൃഗ ആക്രമണം വലിയ തോതിൽ വർധിക്കുകയാണുണ്ടായത്. 8 വർഷം കൊണ്ട് അറുപതിനായിരത്തിലധികം വന്യജീവി ആക്രമണം കേരളത്തിലുണ്ടായി. ആയിരത്തിലധികം ആളുകൾ മരിച്ചു. എന്നിട്ടാണ് വന്യജീവി ആക്രമണങ്ങൾ കുറഞ്ഞുവരികയാണെന്ന് പറയുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നു. മൃഗങ്ങളെ കാട്ടിലേക്ക് തിരിച്ചോടിക്കാൻ സാധിക്കുന്ന ആധുനിക ഉപകരണങ്ങൾ അവരുടെ പക്കലുണ്ട്. കേരളത്തിൽ പഴയ സംവിധാനം ഉപയോഗിക്കുന്നില്ല, പുതിയതിനെക്കുറിച്ച് ആലോചിക്കുന്നുമില്ല.’’ – വി.ഡി.സതീശൻ കുറ്റപ്പെടുത്തി.

‘‘കേരളത്തിൽ നിന്നുള്ള മുഴുവൻ യുഡിഎഫ് എംപിമാരും ഇക്കാര്യത്തിൽ പാർലമെന്റിൽ അതി ശക്തമായ നിലപാട് എടുക്കുന്നുണ്ട്. വന്യജീവി നിയമത്തിൽ കാലനുസൃതമായ ഭേദഗതി വേണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാന സർക്കാർ ചെയ്യേണ്ടത് ചെയ്യണം. വാച്ചർമാരില്ല, ജീവനക്കാരില്ല, ആവശ്യത്തിന് സംവിധാനങ്ങളില്ല. നിസ്സംഗത വെടിഞ്ഞ് സർക്കാർ പ്രവർത്തിക്കണം.

പ്രതിരോധ സംവിധാനത്തിന് വേണ്ടി ഒരു രൂപ പോലും സർക്കാർ ചെലവാക്കിയില്ല. ഗുരുതരമായി പരുക്കേറ്റ എട്ടായിരത്തോളം പേർക്ക് ചികിത്സാ സഹായം നൽകിയിട്ടില്ല. മലയോര സമരയാത്ര തിരുവനന്തപുരത്ത്  അവസാനിക്കുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി സർക്കാരിെന അറിയിക്കും. എല്ലാ വിഭാഗം ആളുകളിൽ നിന്നും അഭിപ്രായം തേടിയശേഷമാണ് ഇക്കാര്യം അറിയിക്കുന്നത്.’’ – വി.ഡി.സതീശൻ പറഞ്ഞു.