കാട്ടാന കിണറ്റിൽ വീണ സംഭവം: രക്ഷാപ്രവർത്തനം വൈകി, വനം വകുപ്പ് കേസ് എടുത്തു

  1. Home
  2. Trending

കാട്ടാന കിണറ്റിൽ വീണ സംഭവം: രക്ഷാപ്രവർത്തനം വൈകി, വനം വകുപ്പ് കേസ് എടുത്തു

WILD_ELEPHANT


 അരീക്കോട് കൂരംകല്ലില്‍ കാട്ടാന കിണറ്റില്‍ വീണ സംഭവത്തില്‍ രക്ഷാപ്രവർത്തനം വൈകിയതിന് കേസെടുത്ത് വനംവകുപ്പ്. രക്ഷാപ്രവർത്തനത്തില്‍ കാലതാമസം വരുത്തിയതിന് ഉന്നത നിർദേശപ്രകാരമാണ് കേസെടുത്തത്. കേസിൽ നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. ഈ മാസം 23ന് പുലർച്ചെ ഒരുമണിക്കാണ് അട്ടാറുമാക്കല്‍ സണ്ണി സേവ്യറിൻ്റ കിണറ്റില്‍ ആന വീണത്. ജനവാസ മേഖലയിലെ കിണറില്‍ വീണ കാട്ടാനയെ രക്ഷിച്ചത്  മണിക്കൂറുകൾ എടുത്താണ്.

മണ്ണുമാന്തി യന്ത്രം എത്തിച്ച് കിണറിടിച്ച് ആനക്ക് വഴിയൊരുക്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 20 മണിക്കൂറിലധികം സമയം കിണറിൽപെട്ട ആന ക്ഷീണിതനായിരുന്നു. അതുകൊണ്ടുതന്നെ കിണറ്റിൽ നിന്ന്  പുറത്തുകടക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും വിഫലമായി. കാടിറങ്ങിവന്ന രണ്ട് ആനകളെ നാട്ടുകാര്‍ വിരട്ടിയോടിക്കുന്നതിനിടെയാണ് സ്ഥിരം ശല്യക്കാരനായ കൊമ്പന്‍ കിണറ്റില്‍ വീണത്. 23ന് രാവിലെ ആനയെ രക്ഷിക്കാനായി വനം വകുപ്പ് ശ്രമം തുടങ്ങിയിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദൗത്യം നീണ്ടു.

തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അപൂര്‍വ ത്രിപാഠി, ഏറനാട് തഹസില്‍ദാര്‍ മണികണ്ഠന്‍ എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ഏറെനേരം ചര്‍ച്ച നടത്തിയതിന് ശേഷമാണ് രാത്രി എട്ട് മണിയോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. 
ആനയെ രക്ഷപ്പെടുത്തിയശേഷം ടി ഡി ആര്‍ എഫിന്റെ നേതൃത്വത്തില്‍ നിരീക്ഷിച്ച് ഉള്‍വനത്തിലേക്ക് അയക്കുന്നതിന് വയനാട്ടില്‍ നിന്നും കുങ്കിയാനകളെ എത്തിക്കാമെന്ന ജില്ലാ നോര്‍ത്ത് വനം വകുപ്പ് ഓഫീസറുടെ ഉറപ്പിലാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്.

വയനാട് വന്യജീവി കേന്ദ്രത്തിലെ വെറ്റിനററി സര്‍ജന്‍മാരായ ഡോ.അജീഷ്, ഡോ. ശ്യാം എന്നിവര്‍ ആനയെ പരിശോധിക്കുകയും ഏറെനേരം വെള്ളത്തില്‍ കിടന്നതിനാല്‍ മയക്കുവെടി വെച്ച് പുറത്തെത്തിക്കാൻ സാധിക്കില്ലെന്നും, ജീവന്‍നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നുമുള്ള റിപ്പോര്‍ട്ട് നൽകുകയും ചെയ്തു. തുടര്‍ന്നാണ് ജെ സി ബി ഉപയോഗിച്ച് കിണറിന്ന് സമാന്തരമായി ചാല് ഉണ്ടാക്കി ആനയെ രക്ഷിച്ചത്.