ബുറൈദ അന്താരാഷ്ട്ര ഈന്തപ്പഴ മേള നാളെ ആരംഭിക്കും
സൗദി അറേബ്യയിലെ പ്രമുഖ കാർഷിക സാമ്പത്തിക ഉത്സവങ്ങളിലൊന്നായ ബുറൈദ അന്താരാഷ്ട്ര ഈന്തപ്പഴ മേളയ്ക്ക് നാളെ തുടക്കമാകും. ഒക്ടോബർ 14 വരെ നീണ്ടുനിൽക്കുന്ന ഈ വാർഷിക മേള രാജ്യത്തെ തന്നെ ഏറ്റവും വലിയ ഈന്തപ്പഴ വിപണന സീസണുകളിൽ ഒന്നാണ്.
സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് കർഷകരും വ്യാപാരികളും ഇറക്കുമതിക്കാരും മേളയുടെ ഭാഗമാകും. വിപണനത്തിന് പുറമെ വിപുലമായ സാംസ്കാരിക, വിനോദസഞ്ചാര പരിപാടികളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. ഖസീം പ്രവിശ്യയുടെ പാരമ്പര്യ കാർഷിക പൈതൃകം വിളിച്ചോതുന്ന റൂറൽ ഫാം, കിങ് ഖാലിദ് കൾച്ചറൽ സെന്റർ എന്നിവിടങ്ങളിലാണ് പ്രധാന കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറുക.
1.1 കോടിയിലധികം ഈന്തപ്പനകളുള്ള ഖസീം പ്രവിശ്യയിൽ പ്രതിവർഷം ശരാശരി 5,78,000 ടൺ ഈന്തപ്പഴമാണ് ഉൽപാദിപ്പിക്കുന്നത്. ഈ സീസണിലൂടെ ഏകദേശം 320 കോടി സൗദി റിയാലിന്റെ സാമ്പത്തിക ഇടപാടുകളും അയ്യായിരത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തുന്നത്.