ആഘോഷം, ആരോഗ്യം, കായികം; ഖത്തർ ദേശീയ കായിക ദിനാഘോഷം ഫെബ്രുവരി 10-ന്
ഖത്തർ ദേശീയ കായിക ദിനാഘോഷങ്ങൾ ഫെബ്രുവരി 10-ന് രാജ്യവ്യാപകമായി നടക്കും. ‘ഐ ചൂസ് സ്പോർട്സ്’ (I Choose Sports) എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടികൾ സംഘടിപ്പിക്കുന്നത്. കായിക പരിശീലനം ഒരു വാർഷിക പരിപാടി എന്നതിലുപരി ജനങ്ങളുടെ ജീവിതശൈലിയായി മാറ്റുകയും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലുസൈൽ സ്‌പോർട്‌സ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ നാഷനൽ സ്‌പോർട്‌സ് ഡേ കമ്മിറ്റി ചെയർമാൻ അബ്ദുറഹ്മാൻ ബിൻ മുസ്ലിം അൽ ദൂസരിയാണ് പദ്ധതികൾ വിശദീകരിച്ചത്.
സർക്കാർ-സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെ പൊതു പാർക്കുകളിലും കായിക കേന്ദ്രങ്ങളിലും വിപുലമായ പരിപാടികൾ നടക്കും. ഈ വർഷം 800-ലധികം കമ്മ്യൂണിറ്റി കായിക പരിപാടികൾ ഉൾക്കൊള്ളുന്ന ഖത്തർ സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ (QSFA) വാർഷിക കലണ്ടറും പുറത്തിറക്കി. കഴിഞ്ഞ വർഷം രണ്ട് ലക്ഷത്തിലധികം പേർ വിവിധ കായിക ഇനങ്ങളിൽ പങ്കാളികളായിരുന്നു. ‘സ്‌പോർട്‌സ് ഫോർ ഓൾ’ എന്ന മൊബൈൽ ആപ്പ് വഴി പൊതുജനങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ടിക്കറ്റുകളും വിവരങ്ങളും ലഭ്യമാകും.
ഖത്തറിലെ ഇന്നത്തെ മറ്റ് പ്രധാന പരിപാടികൾ:
-
ഇന്റർനാഷനൽ ഫുഡ് ഫെസ്റ്റിവൽ: 974 സ്റ്റേഡിയത്തിൽ വൈവിധ്യമാർന്ന ഭക്ഷണരുചികളുമായി മേള തുടരുന്നു. ഉച്ചയ്ക്ക് 3 മുതൽ പുലർച്ചെ 1 വരെ പ്രവേശനം.
-
കൈറ്റ് ഫെസ്റ്റിവൽ: നാലാമത് കൈറ്റ് ഫെസ്റ്റിവൽ ഓൾഡ് ദോഹ പോർട്ടിൽ നടക്കും. കൂറ്റൻ പട്ടങ്ങളുടെ പ്രദർശനത്തിനൊപ്പം കാർണിവൽ പരേഡുകളും സ്റ്റേജ് ഷോകളും ഉണ്ടാകും.
-
ആംബർ എക്സിബിഷൻ: കതാറ കൾച്ചറൽ വില്ലേജിൽ ആംബറിൽ തീർത്ത അലങ്കാര വസ്തുക്കളുടെയും ആഭരണങ്ങളുടെയും പ്രദർശനം (ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ).
-
സിട്രസ് ഫെസ്റ്റിവൽ: അൽ വക്റ ഓൾഡ് സൂഖിൽ പാകിസ്താൻ സിട്രസ് ഫെസ്റ്റിവൽ നടക്കും. വിവിധയിനം ഓറഞ്ചുകളും ജ്യൂസുകളും മേളയിലുണ്ടാകും.
-
സ്റ്റാർ സിങ്ങർ സെമി ഫൈനൽ: ഐ.സി.സി അശോക ഹാളിൽ വൈകിട്ട് 6 മണിക്ക് ഇന്ത്യൻ കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന പാട്ടു മത്സരം.
-
സൗജന്യ ദന്ത പരിശോധന: അബൂഹമൂർ ഗ്രീൻ ഹെൽത്ത് ഡെന്റൽ ക്ലിനിക്കിൽ വൈകിട്ട് 3 മുതൽ 7 വരെ സൗജന്യ പരിശോധനയും സ്ക്രീനിങ്ങും.