ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം മെയ് 14 മുതൽ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ഞൂറിലേറെ പ്രസാധകർ പങ്കെടുക്കുന്ന ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മുപ്പത്തിയഞ്ചാം പതിപ്പ് മെയ് 14-ന് ആരംഭിക്കും. ദോഹ എക്‌സിബിഷൻ ആന്റ് കൺവൻഷൻ സെന്ററിൽ (DECC) പത്തു ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 36 രാജ്യങ്ങളുടെ സാന്നിധ്യമുണ്ടാകും. ഇന്ത്യയിൽ നിന്നടക്കം 515 പ്രസാധകരും വിവിധ സ്ഥാപനങ്ങളും പങ്കെടുക്കുന്ന മേള മെയ് 23 വരെയാണ് തുടരുക.
മേളയിൽ ആകെ 910 സ്റ്റാളുകളാണ് ഒരുങ്ങുന്നത്. വിവിധ മന്ത്രാലയങ്ങൾ, ഗവണ്മെന്റ് സ്ഥാപനങ്ങൾ, എംബസികൾ എന്നിവയുടെ പങ്കാളിത്തവും ഇത്തവണയുണ്ടാകും. 'കൊത്തുപണിയിൽ നിന്ന് എഴുത്തിലേക്ക്' എന്നതാണ് ഇത്തവണത്തെയും പ്രമേയം. പുസ്തക പ്രദർശനത്തിനും വിൽപനയ്ക്കും പുറമേ എഴുത്തുകാർ പങ്കെടുക്കുന്ന പ്രഭാഷണങ്ങൾ, സെമിനാറുകൾ, ശില്പശാലകൾ എന്നിവയും മേളയുടെ ഭാഗമായി നടക്കും. കുട്ടികൾക്കായി പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
രാവിലെ ഒമ്പതു മുതൽ രാത്രി പത്തു മണി വരെയാണ് സന്ദർശക സമയം. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് മൂന്നു മുതൽ രാത്രി പത്തു വരെയായിരിക്കും പ്രവേശനം. 1972-ൽ കേവലം 20 പ്രസാധകരുമായി തുടക്കം കുറിച്ച ഈ മേള, മേഖലയിലെ ആദ്യത്തെ പുസ്തകോത്സവമാണ്. 2002 മുതലാണ് ഇത് പ്രതിവർഷം നടത്താൻ തുടങ്ങിയത്.