മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിക്ക് നാലാം വാർഷികം; നാല് വർഷത്തിനിടെ എത്തിയത് 25 ലക്ഷത്തിലേറെ സന്ദർശകർ
മേഖലയിലെ മുൻനിര സാംസ്കാരിക-അറിവ് കേന്ദ്രങ്ങളിലൊന്നായ ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി ഉദ്ഘാടനം ചെയ്യപ്പെട്ടിട്ട് നാല് വർഷം പൂർത്തിയാകുന്നു. ദുബായിയെ ആഗോള സാംസ്കാരിക, നവീകരണ ഹബ്ബായി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈബ്രറി ഇതിനകം തന്നെ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചുകഴിഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടെ 25 ലക്ഷത്തിലധികം സന്ദർശകരാണ് ലൈബ്രറിയിൽ എത്തിയത്. കൂടാതെ പതിനൊന്നായിരത്തോളം നയതന്ത്ര, ഔദ്യോഗിക, വിദ്യാലയ പ്രതിനിധി സംഘങ്ങളും ഇവിടെ സന്ദർശനം നടത്തിയിട്ടുണ്ട്.
വിവിധ വിഭാഗങ്ങളിലായി 41,000-ത്തിലധികം സജീവ അംഗങ്ങളാണ് നിലവിൽ ലൈബ്രറിക്കുള്ളത്. ഇവിടെ നിന്ന് 53,000-ത്തിലേറെ പുസ്തകങ്ങൾ വായനക്കാർ വായ്പയായി (Borrow) എടുത്തിട്ടുണ്ട്. 90-ലധികം ഭാഷകളിലായി 130 കോടിയിലധികം ഡിജിറ്റൽ അറിവ് ഉറവിടങ്ങളും (Digital Resources), 7,60,000-ത്തോളം അച്ചടിച്ച പുസ്തകങ്ങളും അടങ്ങുന്നതാണ് ഈ ലൈബ്രറിയുടെ വിപുലമായ ശേഖരം.
വായനക്കാർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർക്കായി ഒൻപത് പ്രത്യേക ലൈബ്രറികളും ഒരു ഇൻഫർമേഷൻ സെന്ററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെയും കൗമാരക്കാരുടെയും ലൈബ്രറികളിൽ മാത്രം ഇതുവരെ 1,26,500-ലധികം സന്ദർശനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.