ദുബായ് ഫാർമേഴ്‌സ് മാർക്കറ്റ് ആറാം പതിപ്പിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

 

ദുബായ് മുനിസിപ്പാലിറ്റിയുടെ ഫാർമേഴ്‌സ് മാർക്കറ്റ് ആറാം പതിപ്പിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. നവംബർ 28 മുതൽ 2027 ജനുവരി 31 വരെ അൽ ഖവാനീജിലെ പ്രശസ്തമായ ഖുർആനിക് പാർക്കിലാണ് മാർക്കറ്റ് പ്രവർത്തിക്കുക. വാരാന്ത്യങ്ങളായ ശനി, ഞായർ ദിവസങ്ങളിലാണ് സന്ദർശകർക്ക് പ്രവേശനം.

കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് പങ്കാളിത്തത്തിൽ 24 ശതമാനത്തിന്റെ വർദ്ധനവുണ്ട്. ഇത്തവണ 52 സ്വദേശി കർഷകർക്കും പ്രാദേശിക സംരംഭങ്ങൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും അവസരം ലഭിക്കും. ഇതാദ്യമായി കുട്ടികളിൽ കാർഷിക അഭിരുചി വളർത്തുന്നതിനായി 'യങ് ഫാർമേഴ്‌സ് ആൻഡ് എൻട്രപ്രണേഴ്സ്' വിഭാഗത്തിൽ 10 പ്രത്യേക സ്റ്റാളുകളും സജ്ജീകരിക്കും. ചെറുപ്പത്തിൽത്തന്നെ കാർഷിക മേഖലയിലും വ്യാപാരാഭിവൃദ്ധിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സ്വദേശി കർഷകരെയും ഉൽപാദകരെയും ഉപഭോക്താക്കളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന സുപ്രധാന വേദിയാണിതെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. കർഷകർക്ക് സാങ്കേതിക സഹായങ്ങൾ, പരിശീലനം, ബോധവൽക്കരണ ക്ലാസുകൾ എന്നിവയും ലഭ്യമാക്കും. പങ്കെടുക്കാൻ താല്പര്യമുള്ള സ്വദേശി കർഷകർക്കും അനുമതിയുള്ള ചെറുകിട സംരംഭങ്ങൾക്കും ദുബായ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം.