ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് വൻ സ്വീകാര്യത; എത്തിയത് 11.5 ലക്ഷത്തിലധികം സന്ദർശകർ

 

12 ദിവസം നീണ്ടുനിന്ന 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിലേക്ക് ഒഴുകിയെത്തിയത് 11.5 ലക്ഷത്തിലധികം സന്ദർശകർ. 'കഥകളാൽ നിർമിതം' എന്ന പ്രമേയത്തിൽ ഷാർജ എക്സ്പോ സെന്ററിൽ നടന്ന മേളയിൽ 208 രാജ്യങ്ങളിൽ നിന്നുള്ള വായനക്കാരാണ് പങ്കെടുത്തത്. സന്ദർശകരുടെ സംതൃപ്തി നിരക്ക് 99.16 ശതമാനത്തിലെത്തിയത് മേളയുടെ വൻ വിജയത്തിന് തെളിവായി.

ഷാർജ ബുക്ക് അതോറിറ്റിയുടെ (SBA) നേതൃത്വത്തിൽ നവംബർ 4 മുതൽ 15 വരെ നടന്ന മേളയിൽ 126 രാജ്യങ്ങളിൽ നിന്നുള്ള 3,626 പ്രസാധകരും പ്രദർശകരും 17 ലക്ഷത്തോളം പുസ്തകങ്ങളുമായി അണിനിരന്നു. മുൻവർഷത്തെ അപേക്ഷിച്ച് പുസ്തക വിൽപനയിൽ 16 ശതമാനം വർധനവുണ്ടായതായും അധികൃതർ വ്യക്തമാക്കി.

കൂടുതൽ സന്ദർശകർ യു.എ.ഇ പൗരന്മാരും ഇന്ത്യക്കാരും

208 രാജ്യങ്ങളിൽ നിന്നുള്ളവർ മേള സന്ദർശിച്ചതിൽ യു.എ.ഇ സ്വദേശികളും ഇന്ത്യക്കാരുമാണ് മുൻപന്തിയിലുള്ളത്. സിറിയ, ഈജിപ്ത്, ജോർദാൻ, പാക്കിസ്ഥാൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും വലിയ തോതിൽ മേളയുടെ ഭാഗമായി.