സൂഹൈൽ ഫാൽക്കൺ എക്സിബിഷൻ സമാപിച്ചു; എത്തിയത് 80,000 സന്ദർശകർ

 

കതാറ കൾച്ചറൽ വില്ലേജിൽ നടന്ന പത്താമത് ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺ എക്സിബിഷൻ 'സൂഹൈൽ-2026' പ്രൗഢമായി സമാപിച്ചു. അഞ്ച് ദിവസം നീണ്ട മേള കാണാൻ 80,000-ത്തിലധികം ആളുകളാണ് എത്തിയത്. സമാപന ദിവസത്തിലെ ഫാൽക്കൺ ലേലത്തിൽ അപൂർവ ഇനം പരുന്തുകളെ സ്വന്തമാക്കാൻ സ്വദേശികളും വിദേശികളുമായ നിരവധി ആളുകൾ പങ്കെടുത്തു.

ഖത്തറിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന മേളയിൽ 14 രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളും 155-ലധികം സ്റ്റാളുകളും അണിനിരന്നു. ഫാൽക്കൺ വിൽപനയ്ക്ക് പുറമെ വേട്ടയാടൽ, ക്യാമ്പിങ് സാമഗ്രികൾ, വർക്ക്‌ഷോപ്പുകൾ എന്നിവയും മേളയുടെ ഭാഗമായിരുന്നു.

ചടങ്ങിൽ മികച്ച പവലിയൻ ഉൾപ്പെടെയുള്ള വിവിധ പുരസ്കാരങ്ങൾ കതാറ ജനറൽ മാനേജരും ഓർഗനൈസിങ് കമ്മിറ്റി ചെയർമാനുമായ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതി വിതരണം ചെയ്തു. അടുത്ത പതിപ്പിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അബ്ദുല്ലത്തീഫ് അൽ മിസ്നദ് അറിയിച്ചു.