ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിൽ തട്ടിപ്പ്; സിനിമാ മോഹികൾക്ക് മുന്നറിയിപ്പുമായി വിജയ് ബാബു
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് സിനിമാ മോഹികളിൽ നിന്ന് പണം തട്ടുന്ന വ്യാജ കാസ്റ്റിങ് ഏജന്റുമാർക്കെതിരെ മുന്നറിയിപ്പുമായി നടനും നിർമ്മാതാവുമായ വിജയ് ബാബു. തന്റെ പ്രമുഖ നിർമ്മാണക്കമ്പനിയായ 'ഫ്രൈഡേ ഫിലിം ഹൗസി'ന്റെ (Friday Film House) പേര് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് സംഘം ആളുകളെ കബളിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തട്ടിപ്പുകാരുടേതെന്ന് കരുതുന്ന ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും വിജയ് ബാബു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ഔദ്യോഗിക പ്രതിനിധികളെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ആളുകളെ സമീപിക്കുന്നത്. ഓൺലൈൻ ഒഡിഷനിലൂടെ കഥാപാത്രങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെന്ന് ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിച്ച ശേഷമാണ് പണം ആവശ്യപ്പെടുന്നത്. കമ്പനിയുടേതിന് സമാനമായ വ്യാജ ഇ-മെയിൽ ഐഡികൾ നിർമ്മിച്ചാണ് ഇവരുടെ ആശയവിനിമയം. ഫ്ലൈറ്റ് ടിക്കറ്റ് ചാർജ്, കാസ്റ്റിങ് കമ്മീഷൻ തുടങ്ങിയ വിവിധ ആവശ്യങ്ങൾ പറഞ്ഞാണ് ഇവർ ലക്ഷങ്ങൾ തട്ടിയെടുക്കുന്നതെന്ന് വിജയ് ബാബു ഫെയ്‌സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് കരുതുന്ന ദിനേഷ് ദീനു, മാധവി എന്നീ രണ്ട് വ്യക്തികളുടെ പേരും ഫോൺ നമ്പറുകളും വിജയ് ബാബു പരസ്യപ്പെടുത്തിയിട്ടുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിന്റെ പേര് ദുരുപയോഗം ചെയ്ത് ആളുകളെ ചതിക്കുന്ന ഈ സംഘത്തിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. സിനിമാ മോഹികൾ ഇത്തരം വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.