കറുത്ത, കട്ടിയുള്ള പുരികത്തിനായി ദിവസേന ഈ ക്രീം തേച്ചാൽ മതി; വീട്ടിൽ തന്നെ തയ്യാറാക്കാം
Sep 24, 2023, 17:52 IST
മനോഹരമായ കട്ടിയുള്ള പുരികങ്ങൾ മുഖസൗന്ദര്യത്തിലെ പ്രധാന ആകർഷണമാണ്. പലരും ഇപ്പോൾ പുരികത്തിന് കട്ടി തോന്നിക്കാനായി ഐബ്രോ പെൻസിൽ, ഐബ്രോ ജെലുമൊക്ക ഉപയോഗിക്കുന്നവരാണ്. എന്നാൽ ഇതൊന്നും ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ വിചാരിക്കുന്ന ഫലം ലഭിക്കില്ല. അതുകൊണ്ട് പ്രകൃതിദത്തമായ രീതിയിൽ പുരികം എങ്ങനെ കട്ടിയും ഭംഗിയുള്ളതുമാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
1) കാപ്പിപ്പൊടി - കാൽ ടീസ്പൂൺ
2) വെളിച്ചെണ്ണ - 3 തുള്ളി
3) കറ്റാർവാഴ ജെൽ - 2 ടീസ്പൂൺ
4) വൈറ്റമിൻ ഇ കാപ്സ്യൂൾ - 2 എണ്ണം
ചെയ്യേണ്ട വിധം
1) കാപ്പിപ്പൊടിയും വെളിച്ചെണ്ണയും നന്നായി യോജിപ്പിച്ച ശേഷം ഇത് പുരികത്ത് തേച്ച് അഞ്ച് മിനിട്ട് വെക്കുക. പിന്നീട് ചെറുതായി സ്ക്രബ് ചെയ്ത് കൊടുക്കാം. ഒരുപാട് അമർത്തി ഉരയ്ക്കാൻ പാടില്ല. ഇത് നിങ്ങളുടെ പുരികത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും, പുതിയ രോമങ്ങൾ വളരുന്നതിനും സഹായിക്കും.
2) ആദ്യത്തെ സ്റ്റെപ്പ് ചെയ്ത ശേഷം മുഖം നന്നായി കഴുകണം. പുരികത്തുണ്ടായിരുന്ന എണ്ണമയം ഇല്ലാതാക്കാൻ വേണമെങ്കിൽ ഫേസ്‌വാഷ് ഉപയോഗിക്കാം. ശേഷം കറ്റാർവാഴ ജെല്ലും, വൈറ്റമിൻ ഇ കാപ്സ്യൂളും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് നല്ല രീതിയിൽ യോജിപ്പിക്കുമ്പോൾ വെളള നിറത്തിലുള്ള ഒരു ക്രീം ലഭിക്കും. തുടർന്ന് വൃത്തിയാക്കി ഈർപ്പമില്ലാത്ത പുരികത്തിലേയ്ക്ക് ഇത് തേച്ച് പിടിപ്പിക്കണം. രാവിലെ ഉറക്കം ഉണരുമ്പോൾ കഴുകി കളയാം.