ഷാർജയിൽ മകളെ പതിനഞ്ചാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
ഷാർജ അൽ നഹ്ദയിലെ ഫ്‌ലാറ്റ് സമുച്ചയത്തിൽ മലയാളി യുവതിയും അഞ്ചുവയസ്സുകാരിയായ മകളും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂർ അഴീക്കോട് പുതിയകാവ് 'ആർഷ അഷിത' ഭവനത്തിൽ ആർഷയും മകൾ റൂഹിയുമാണ് മരിച്ചത്. മകളെ പതിനഞ്ചാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ ശേഷമാണ് യുവതി സ്വയം ചാടി ജീവനൊടുക്കിയതെന്നാണ് ദൃക്‌സാക്ഷികളും കെട്ടിടത്തിലെ ജീവനക്കാരും പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.
ബുധനാഴ്ച രാവിലെ 7.15ഓടെയാണ് ദുരന്തമുണ്ടായത് . മുപ്പത്തിരണ്ടുനില കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്നാണ് ആദ്യം കുട്ടിയെ താഴേക്ക് എറിഞ്ഞതും പിന്നാലെ യുവതി ചാടിയതും. കെട്ടിടത്തിലെ താഴത്തെ നിലകൾ പാർക്കിംഗിനും ജിമ്മിനുമായി ഉപയോഗിക്കുന്നതിനാൽ വളരെ ഉയരത്തിൽ നിന്നാണ് ഇരുവരും താഴേക്ക് പതിച്ചതെന്ന് അധികൃതർ അറിയിച്ചു.വലിയ ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാരാണ് റോഡിലും നടപ്പാതയിലുമായി കിടന്ന മൃതദേഹങ്ങൾ കണ്ടത്. ഉടൻ പൊലീസിനെയും ആംബുലൻസിനെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പ്രദേശം വളഞ്ഞ് പരിശോധനകൾ നടത്തിയ ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
ഭർത്താവ് നിഹാലിനൊപ്പം വർഷങ്ങളായി ഷാർജയിലെ അൽ നഹ്ദയിൽ സഹാറ മാളിന് സമീപമുള്ള ഫ്‌ലാറ്റിലായിരുന്നു ആർഷയുടെ താമസം. വിവാഹം കഴിഞ്ഞിട്ട് പന്ത്രണ്ടുവർഷമായിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി ഇതേ ഫ്‌ലാറ്റിലാണ് കുടുംബം താമസിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു. ആർഷയുടെ സഹോദരിയുടെ കുടുംബവും ഇതേ കെട്ടിടത്തിലെ സമീപ ഫ്‌ലാറ്റിലായിരുന്നു താമസം.സ്വന്തമായി ഓൺലൈൻ വ്യാപാരം നടത്തിവരികയായിരുന്നു ആർഷ.സംഭവത്തിന് തലേദിവസം കുടുംബവഴക്ക് ഉണ്ടായിരുന്നുവെന്നും പൊലീസ് സ്ഥലത്തെത്തിയിരുന്നുവെന്നും അയൽവാസികൾ പറയുന്നു. ഭാര്യയ്ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് ഭർത്താവ് സെക്യൂരിറ്റിയോട് പറഞ്ഞതായും വിവരമുണ്ട്. യുവതിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.അഴീക്കോട് സ്വദേശി ടി.കെ. പുരുഷോത്തമൻ-ഗീത ദമ്പതികളുടെ മകളാണ് ആർഷ. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ഷാർജ പൊലീസ് അറിയിച്ചു.