പൊട്ടിയ കുപ്പിച്ചില്ലുകൾ വൃത്തിയാക്കാൻ കഴിയുന്നില്ലേ? ഈ പൊടിക്കൈകൾ ഒന്ന് ചെയ്തുനോക്കൂ
Jul 30, 2023, 15:43 IST
വീടുകളിൽ കുപ്പി ഗ്ലാസുകളും, പത്രങ്ങളുമെല്ലാം വീണുപൊട്ടുന്നത് സാധാരണമാണ്. പൊട്ടി കഴിഞ്ഞാൽ ഇത് വൃത്തിയാക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ട്. ഗ്ലാസിന്റെ ചെറു ചില്ലുകൾ അവിടവിടെയായി കിടക്കുന്നുണ്ടാകും. അടിച്ചു വാരിയാലും അത് അത്ര പെട്ടെന്നൊന്നും പോവില്ല. പിന്നീട് ചെരിപ്പിടാതെ നടക്കുമ്പോൾ ഇത്തരത്തിൽ ബാക്കിയായ കുപ്പിച്ചില്ലുകൾ കാലിൽ കുത്തിക്കയറാനുള്ള സാധ്യത കൂടുതലാണ്.
ഇനി ഇത് കൈ കൊണ്ട് എടുത്ത് കളഞ്ഞാലും ചിലപ്പോൾ മുറിവുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിനായി ചില പൊടിക്കൈകൾ നമുക്ക് പരീക്ഷിച്ച് നോക്കാം. പൊട്ടിയ ഗ്ലാസ്സുകൾ ഇനി ഇങ്ങനെ നീക്കം ചെയ്യാം.
1) ഒരു കഷ്ണം ബ്രഡ് എടുക്കുക. ഇത് തറയിൽ പൊട്ടി വീണ ഗ്ലാസിന് മുകളിലൂടെ ചെറുതായി അമർത്തി തുടക്കുക. ഇങ്ങനെ ചെയ്യുമ്പോൾ തറയിലുള്ള കുപ്പി ചില്ലുകൾ ബ്രഡിൽ പറ്റിപ്പിടിക്കും. എന്നാൽ ചിലപ്പോൾ ചില്ല തുളച്ച് കയറി കൈയിൽ മുറിവേൽപ്പിക്കാനുള്ള സാധ്യതയുള്ളതിനാൽ കൂടുതൽ അമർത്തി തുടക്കാതിരിക്കാൻ ശ്രദ്ധിക്കണം.
2) അടുക്കളയിൽ ഉപയോഗിക്കുന്ന ടവ്വൽ പേപ്പർ കൊണ്ടും തറയിൽ വീണ് പൊട്ടിയ ചില്ലുകളെ വൃത്തിയാക്കാനാകും. ഗ്ലാസ് വീണ് പൊട്ടിയ ഇടത്ത് ടവ്വൽ പേപ്പർ കൊണ്ട് നന്നായി തുടച്ചാൽ മതി. ഇങ്ങനെ ടവ്വൽ പേപ്പർ ഉപയോഗിക്കുമ്പോൾ കുപ്പിച്ചില്ലുകൾ അതിൽ പറ്റിപ്പിടിച്ച് തറ വേഗത്തിൽ തന്നെ വൃത്തിയാകും.
3) ഉരുളക്കിഴങ്ങ് കൊണ്ട് നമുക്ക് തറയിൽ വീണ് പൊട്ടിയ ഗ്ലാസിനെ വൃത്തിയാക്കാൻ കഴിയും. അതിനായി ആദ്യം ഒരു ഉരുളക്കിഴങ്ങ് എടുത്ത് രണ്ടായി മുറിച്ചെടുക്കുക. അതിൽ ഒരു ബാഗം പൊട്ടിയ ഗ്ലാസ് ചീളുകളിലൂടെ ഓടിക്കുക. ഇത്തരത്തിൽ ചെയ്യുമ്പോൾ വീണുടഞ്ഞ കുപ്പിച്ചില്ലുകൾ ഇതിലേക്ക് പറ്റിപ്പിടിക്കും. ചെറുതായി അമർത്തി ചെയ്യാൻ ശ്രദ്ധിക്കണം.
ഉരുളക്കിഴങ്ങിന് പകരമായി ചിലർ സോപ്പ് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ സോപ്പ് ഉപയോഗിക്കുമ്പോൾ തറയിൽ സോപ്പിന്റെ പാടുകൾ കാണാനുള്ള സാധ്യത കൂടുതലാണ്. അത് കൊണ്ട് സോപ്പ് ഉപയോഗിക്കരുത്.
4) ഒട്ടിക്കാൻ ഉപയോഗിക്കുന്ന ടേപ്പുകൾ കൊണ്ട് നമുക്ക് തറയിൽ വീണ് പൊട്ടിയ കുപ്പി ഗ്ലാസിനെ വൃത്തിയാക്കാനാവും. നമ്മൾ സാധാരണയായി ഒട്ടിക്കാൻ ഉപയോഗിക്കുന്ന മാസ്കിംഗ് ടേപ്പുകളോ, അല്ലെങ്കിൽ ഡെക്ട് ടേപ്പുകളോ എടുക്കാവുന്നതാണ്. ഇവ പൊട്ടിയ ഗ്ലാസ് ചീലുകളെ ഒപ്പിയെടുക്കുന്ന കാര്യത്തിൽ വളരെ ഏറെ സഹായിക്കുന്ന ഒന്നാണ്. എന്നാൽ വീതിയുള്ള ടേപ്പുകൾ തന്നെ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്
5) തറ വിരിപ്പിലോ പരവതാനിയിലോ ആണ് ഗ്ലാസ് വീണ് പൊട്ടിയതെങ്കിൽ ലിന്റ് റോളറുകളാണ് നല്ലത്. ഇത് നന്നായി പ്രവർത്തിക്കും. ഇത്തരത്തിൽ ഗ്ലാസ് ചീളുകൾ മാറ്റിയ ശേഷം ആ ഭാഗം കഴുകി വൃത്തിയാക്കാൻ കൂടി ശ്രദ്ധിക്കുക. പരവതാനികളിലാണെങ്കിൽ വാക്യും ചെയ്യുന്നതാണ് നല്ലത്.