വിസ്മയിപ്പിച്ച് കൂനൂരിലെ 'ഹെറിറ്റേജ് സ്റ്റേ'

 

ട്രെയിൻ വരാനായി റെയിൽവേ സ്റ്റേഷനിലെ ബെഞ്ചുകളിൽ കാത്തിരിക്കുകയും, അല്ലെങ്കിൽ ബാഗ് തലയിണയാക്കി ഉറങ്ങുകയും ചെയ്യുന്ന പഴയ രീതികളൊക്കെ ഇനി മറന്നേക്കൂ. തമിഴ്‌നാട്ടിലെ നീലഗിരി കുന്നുകൾക്കിടയിലുള്ള കൂനൂർ റെയിൽവേ സ്റ്റേഷൻ ഇപ്പോൾ സഞ്ചാരികൾക്ക് നൽകുന്നത് ഒരു രാജകീയ അനുഭവമാണ്. യുനെസ്കോ പൈതൃക പട്ടികയിലുള്ള നീലഗിരി മൗണ്ടൻ റെയിൽവേയുടെ ഭാഗമായ ഈ സ്റ്റേഷനുള്ളിലെ താമസസൗകര്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കൊളോണിയൽ വാസ്തുവിദ്യ നിലനിർത്തിക്കൊണ്ടാണ് കൂനൂർ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. വുഡ് പാനൽ ചെയ്ത വെയിറ്റിംഗ് റൂമുകളും പഴയകാല റെയിൽവേ യാർഡും ഇവിടുത്തെ പ്രത്യേകതയാണ്. സ്റ്റേഷനിലെ പഴയ റിട്ടയറിംഗ് റൂമുകൾ പുതുക്കിപ്പണിതാണ് സഞ്ചാരികൾക്കായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മുറികളാക്കി മാറ്റിയിരിക്കുന്നത്. ആഡംബരത്തേക്കാൾ ഉപരിയായി, വളരെ വൃത്തിയുള്ളതും സുഖകരവുമായ താമസമാണ് ഇവിടെ ലഭിക്കുന്നത്.

വൈകുന്നേരം 4 മണിക്ക് അവസാന ട്രെയിനും പോയിക്കഴിഞ്ഞാൽ സ്റ്റേഷൻ പൂർണ്ണമായും നിശബ്ദമാകും. നഗരങ്ങളിലെ ശബ്ദമലിനീകരണമില്ലാതെ, മലനിരകളിലെ തണുത്ത കാറ്റും ഏകാന്തതയും ആസ്വദിക്കാൻ ഈ താമസം സഹായിക്കും. രാവിലെ 7 മണിക്കുള്ള ട്രെയിനിൽ യാത്ര ചെയ്യേണ്ടവർക്ക് സ്റ്റേഷനിൽ തന്നെ താമസിക്കുന്നത് വഴി രാവിലെത്തെ തിരക്കുകൾ ഒഴിവാക്കാം.