ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാം, ആഴ്ചകളോളം; ചില പൊടിക്കൈകൾ ഇതാ

 

ധാന്യങ്ങൾ, ഉപ്പ്, പഞ്ചസാര വിവിധതരം പൊടികൾ തുടങ്ങി അടുക്കളയിലെ പാചകത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ ദിവസവും ഉപയോഗിക്കുന്നതും ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിക്കേണ്ടതുണ്ട്. ഇതിനുള്ള മാർഗങ്ങൾ പരിചയപ്പെടാം.

ഫ്രിഡ്ജ്
മിക്ക പൊടികൾക്കും ജലാംശം ആഗിരണം ചെയ്യാനുള്ള പ്രവണത കൂടുതലാണ്. കുറച്ച് സമയത്തേക്കെങ്കിലും ഇവ പുറത്ത് വെച്ചാൽ അതിൽ ഫംഗസ് വളരാനുള്ള സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ ഉണങ്ങിയ പാത്രത്തിൽ പൊടികൾ അടച്ച് വെച്ച് ഫ്രിഡ്ജിൽ വയ്ക്കാം. താപനില കുറഞ്ഞ അന്തരീക്ഷത്തിൽ ഫംഗസിന് വളരാനുള്ള സാധ്യതയില്ല. അതിനാൽ പൊടികളുടെ ആയുസ്സ് വർധിക്കുകയും കേടുകൂടാതെ ദീർഘകാലം ഉപയോഗിക്കുകയും ചെയ്യാം.

വായുകടക്കാത്ത പാത്രം
തണുപ്പ് കാലത്ത് പഞ്ചസാരയും ഉപ്പും വേഗത്തിൽ അലിഞ്ഞ് പോകാനുള്ള സാധ്യതയുണ്ട്. ചൂടും ജലാംശവും നേരിട്ട് ഏൽക്കാത്ത വിധം അവ ടിന്നിൽ അടച്ച് സൂക്ഷിക്കാം. ഗ്ലാസ് അല്ലെങ്കിൽ സ്റ്റെയ്ൻലെസ് സ്റ്റീൽ പാത്രത്തിൽ അവ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ബിസ്‌കറ്റ് പോലുള്ള ഭക്ഷ്യസാധനങ്ങൾ ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് വായുകടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുന്നത് അവയുടെ ആയുസ്സ് വർധിപ്പിക്കും.

വറുത്തെടുക്കാം
മസാലക്കൂട്ടുകളും പൊടികളും കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള മികച്ചമാർഗമാണിത്. അരിപ്പൊടി വറുത്തെടുത്ത് വയ്ക്കുന്നത് അത് കേടുകൂടാതെ ദിവസങ്ങളോളം സൂക്ഷിക്കുന്നതിന് സഹായിക്കും. ഇത് കൂടാതെ സൂര്യപ്രകാശത്തിൽവെച്ച് നന്നായി ഉണക്കിയെടുത്ത് സൂക്ഷിക്കുന്നതും മറ്റൊരുമാർഗമാണ്. മസാലപ്പൊടികൾ വറുത്ത് വയ്ക്കുന്നത് അവയുടെ രുചിയിലോ ഗുണത്തിലോ മാറ്റം വരുത്തുന്നില്ല.

ആര്യവേപ്പില
ധാന്യങ്ങൾ സൂക്ഷിക്കുന്നത് പാത്രങ്ങളിലാണെങ്കിൽ അവയ്ക്കൊപ്പം ഉണങ്ങിയ ആര്യവേപ്പില ഇട്ടുവയ്ക്കുന്നത് ദീർഘകാലം അവ കേടുകൂടാതെ ഇരിക്കാൻ സഹായിക്കും. തങ്ങളുടെ വിളവുകളെ കീടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് പണ്ടുകാലം തൊട്ടേ കർഷകർ ഈ വിദ്യപ്രയോഗിച്ചിരുന്നു.

ഈർപ്പമുള്ളിടത്ത് സൂക്ഷിക്കരുത്
മസാലപ്പൊടികൾ, അരിപ്പൊടി, ഗോതമ്പ് പൊടി, ധാന്യങ്ങൾ എന്നിവയിൽ വേഗത്തിൽ ഫംഗസ് ബാധിക്കാൻ സാധ്യതയുണ്ട്. ചെറിയതോതിലെങ്കിലും ജലാംശം എത്തിയാൽ പോലും ഇവയുടെ ഗുണവും രുചിയും നഷ്ടപ്പെടാം. അതിനാൽ ജലാംശമില്ലാത്ത സ്ഥലത്ത് അവ സൂക്ഷിക്കാൻ ശ്രമിക്കണം.