പല്ലി ശല്യം ഇനി എളുപ്പത്തിൽ പരിഹരിക്കാം; ഇതാ അഞ്ച് വഴികൾ

 
എത്രയൊക്കെ വൃത്തിയോടെ സൂക്ഷിച്ചാലും പല്ലികൾ ഇല്ലാത്തൊരു വീട് അപൂർവമാണ്. ഇവ വീട് വൃത്തികേടാക്കുകയും, പല്ലിക്കാഷ്ഠം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. കണ്ണു തെറ്റിയാൽ അടുക്കളയിലും ആഹാരസാധനങ്ങളിലും എല്ലാം പല്ലികൾ കടന്നുകൂടും. എന്നാൽ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് ഒരുപരിധിവരെ പല്ലികളെ തുരത്താനാവും. അതിനുള്ള വഴികൾ ഇതാ:
1)മുട്ടത്തോട്
മുട്ടയുടെ മണം പൊതുവേ പല്ലികൾക്ക് അസഹനീയമാണ്. അതുകൊണ്ട് മുട്ട ഉപയോഗിച്ച ശേഷം പൊട്ടിച്ചെടുത്ത തോട് തുടച്ചെടുത്ത ശേഷം പല്ലികൾ സ്ഥിരമായി കടന്നുകൂടാറുള്ള വാതിലുകൾ, ജനാലകൾ എന്നിവയ്ക്കടുത്ത് വെയ്ക്കുക. ഒരു പരിധിവരെ പല്ലികൾ അകത്തേക്ക് കയറാതെ തടഞ്ഞുനിർത്താൻ ഇതിലൂടെ കഴിയും. എന്നാൽ പിറ്റേന്ന് തന്നെ മുട്ടത്തോടുകൾ എടുത്തുമാറ്റണം.
2)മുറി തണുപ്പിക്കാം
പല്ലികൾ പൊതുവേ ചൂടുള്ള സാഹചര്യങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്. അതിനാൽ എയർ കണ്ടീഷണർ ഉള്ള മുറികളിൽ താപനില ഇരുപത്തിരണ്ടു ഡിഗ്രി സെൽഷ്യസിൽ താഴെയാക്കിയിടുന്നത് പല്ലികളെ അകറ്റിനിർത്താൻ സഹായിക്കും.
3) വെളുത്തുള്ളിയും സവാളയും
വെളുത്തുള്ളിയുടെയും സവാളയുടെയും മണവും പല്ലികൾക്ക് സഹിക്കാനാവുന്നതല്ല. മുറിയുടെ മൂലകളിലും ജനൽ പടികളിലുമൊക്കെ വെളുത്തുള്ളി അല്ലികളും മുറിച്ചനിലയിലുള്ള സവാളയും വയ്ക്കാം. അല്ലെങ്കിൽ വെളുത്തുള്ളിയുടെയോ സവാളയുടെയോ നീര് വെള്ളത്തിൽ കലർത്തി മുക്കിലും മൂലയിലും സ്പ്രേ ചെയ്താലും മതിയാവും. 
4)മുളകും കുരുമുളകും
മുളകിന്റെയും കുരുമുളകിന്റെയും മണം ചെറുത്തുനിൽക്കാനുള്ള കഴിവും പല്ലികൾക്കില്ല. കുരുമുളകുപൊടിയോ ചുവന്ന മുളക് പൊടിയോ വെള്ളത്തിൽ കലർത്തി പല്ലികൾ ധാരാളമായി കയറുന്ന ഇടങ്ങളിൽ സ്പ്രേ ചെയ്യാവുന്നതാണ്. മുളകുപൊടിക്ക് പകരം ഉണക്കമുളക് വയ്ക്കുന്നതും ഇവയെ തുരത്തും .
5)തണുത്ത വെള്ളം
ഇനി പതിവായി പല്ലിശല്യം ഇല്ലാതെ ഒന്നോ രണ്ടോ എണ്ണം കയറിക്കൂടുന്നതാണ് പ്രശ്നമെങ്കിൽ അതിനും പരിഹാരമുണ്ട്. ഫ്രിഡ്ജിൽവച്ച് തണുപ്പിച്ച വെള്ളം അവയുടെ ദേഹത്തേക്ക് തളിച്ചാൽ പല്ലികൾക്ക് അല്പസമയത്തേക്ക് ചലിക്കാൻ കഴിയാതെയാകും. ഈ അവസ്ഥയിൽ അവയെ എടുത്ത് പുറത്ത് കളയാം.