വീട് വൃത്തിയാക്കാം; എന്നാൽ ഈ വസ്തുക്കൾ കൂട്ടിക്കലർത്തരുത്

 

Lifestyle

വീട് വൃത്തിയാക്കാൻ എളുപ്പത്തിൽ ലഭിക്കുന്ന അണുനാശിനിയാണ് ബ്ലീച്ചിങ് പൗഡർ. എന്നാൽ വീട് വൃത്തിയാക്കുമ്പോൾ അധിക വൃത്തിക്കായും മണത്തിനായും പലരും ബ്ലീച്ചിങ് പൗഡറിന്റെ കൂടെ മറ്റു ചില രാസവസ്തുക്കളും കൂട്ടികലർത്താറുണ്ട്. ഇത് അപകടകരമാണ്. 

ബ്ലീച്ചിങ് പൗഡറും വിനാഗിരിയും  
കേൾക്കുമ്പോൾ രണ്ടും വേഗത്തിൽ വൃത്തിയാക്കുന്ന വസ്തുക്കൾ ആണെന്ന് കരുതിയെങ്കിൽ തെറ്റി. ഒരിക്കലും ചേരുംപടി ചേരാത്ത വസ്തുക്കൾ ആണ് ബ്ലീച്ചിങ് പൗഡറും വിനാഗിരിയും. രണ്ടും ചേർക്കുമ്പോൾ രൂപപ്പെടുന്ന ക്ലോറിൻ ഗ്യാസ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ചുമയും കണ്ണിന് ചൊറിച്ചിലും ഉണ്ടാക്കും എന്ന് വിദഗ്ധർ പറയുന്നു. സാധാരണ വെള്ളത്തിൽ വേണം ബ്ലീച്ചിങ് പൗഡർ മിക്‌സ് ചെയ്യാൻ എന്നോർക്കുക.

ബ്ലീച്ചിങ് പൗഡറും അമോണിയയും

ഒരിക്കലും ചേർക്കാൻ പാടില്ലാത്ത രണ്ടു വവസ്തുക്കളാണ് ഇവയും. ഇവ ചേർക്കുമ്പോഴുണ്ടാകുന്ന ക്ലോറാമൈൻ എന്ന ഗ്യാസ് കണ്ണുകൾക്ക് നീറ്റലും, ശ്വാസതടസ്സവും ഉണ്ടാക്കും.

ബേക്കിങ് സോഡയും വിനാഗിരിയും 
ഇവ കൂടി ചേർന്നാൽ അസിറ്റേറ്റ് രൂപപ്പെടും. വെള്ളം പോലെ കാണപ്പെടുമെങ്കിലും വിനാഗിരി ബേക്കിങ് സോഡയെ നുരഞ്ഞുപൊങ്ങാൻ കാരണമാകുന്നു. തീരെ വായുസഞ്ചാരമില്ലാത്ത അടഞ്ഞ കുപ്പിയിലായി ഇത് വച്ചാൽ കുപ്പി പൊട്ടിതെറിച്ചു വരെ അപകടം സംഭവിക്കാം.

ഹൈഡ്രജൻ പെറോക്സൈഡും വിനാഗിരിയും 
മേശയൊക്കെ വൃത്തിയാക്കാൻ ഇവ രണ്ടും കൂടി എടുക്കാറുണ്ട്. ഇവ മിക്സ് ചെയ്ത് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പെറാസെറ്റിക് ആസിഡ് ഒരു വിഷവാതകമാണെന്ന് ഓർക്കുക.

English Summary : never mix these chemicals to clean your house