പാത്രങ്ങൾ എന്നും പുത്തനായി തന്നെ സൂക്ഷിക്കാം; ചിലകാര്യങ്ങൾ ചെയ്താൽ മതിയാവും
പാത്രങ്ങൾ എന്നും പുത്തനായി തന്നെ സൂക്ഷിക്കാം. ചിലകാര്യങ്ങൾ ചെയ്താൽ മതിയാവും. പാത്രങ്ങളിലെ കറകള്‍ അകറ്റി തിളക്കമുള്ളതാക്കാന്‍ ഉപായങ്ങള്‍ ഉണ്ട്. ഉപ്പ് ചേര്‍ത്ത് ചൂടാക്കിയ വിനാഗിരിയില്‍ പാതി നാരങ്ങ മുക്കി അതുകൊണ്ട് പിച്ചള പാത്രം തുടയ്ക്കാം. പിന്നീട് നല്ല വെള്ളത്തില്‍ കഴുകി ഉണക്കുക. ക്ലാവു നീങ്ങി പാത്രം പുത്തന്‍പോലെ തിളങ്ങുന്നതു കാണാം. പരുക്കന്‍ വസ്തുക്കള്‍ കൊണ്ട് പാത്രങ്ങള്‍ ഉരച്ച് കഴുകരുത്.
ഗ്ലാസ് പാത്രങ്ങള്‍ കഴുകും മുമ്പ് പാത്രത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ സ്‌പോഞ്ചോ, തുണിക്കഷണമോ ഉപയോഗിച്ച് തുടയ്ക്കുക. എന്നിട്ട് ചൂടുവെള്ളത്തില്‍ കഴുകാം. എണ്ണമയം പോകാനും തിളക്കം നില്‍ക്കാനും ഇതു സഹായിക്കും. ഗ്ലാസ് പാത്രങ്ങള്‍ കഴുകുമ്പോൾ സിങ്കില്‍ കോട്ടണ്‍ തുണി വിരിച്ചിടുന്നത് പാത്രങ്ങള്‍ തമ്മിലുരസി പാടു വീഴുന്നതും പൊട്ടുന്നതും തടയാന്‍ സഹായിക്കും.
രണ്ടാഴ്ചയിലൊരിക്കല്‍ അല്‍പ്പം അമോണിയം ചേര്‍ത്ത വെള്ളം കൊണ്ട് കഴുകുന്നത് ഗ്ലാസ്സിന് തിളക്കം നല്‍കും. കടുത്ത കറകള്‍ ഉണ്ടെങ്കില്‍ ബേക്കിംഗ് സോഡ പഞ്ഞിയില്‍ മുക്കി പാത്രങ്ങള്‍ തുടച്ചാല്‍ മതി. വെള്ളിപാത്രങ്ങള്‍ പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്നതാണ് നല്ലത്. ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ചാല്‍ വളരെ നല്ലത്. ചെമ്പ് പാത്രത്തിലെ കറ കളയാന്‍ ഒരു വഴിയുണ്ട്. ഇളം ചൂട് വെള്ളത്തില്‍ മുക്കി വച്ച ശേഷം ഉണങ്ങിയ കോട്ടണ്‍ തുണി കൊണ്ട് തുടച്ചെടുത്താല്‍ മതി.