സ്വകാര്യ മേഖലയിലെ രാത്രികാല ഷിഫ്റ്റ് ജീവനക്കാർക്ക് 10% അധിക അലവൻസ്; ബഹ്‌റൈൻ പാർലമെന്റ് അംഗീകാരം നൽകി

 

സ്വകാര്യ മേഖലയിൽ രാത്രികാല ഷിഫ്റ്റുകളിലും ഓൺ-കോൾ ഡ്യൂട്ടിയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനമെങ്കിലും അധിക അലവൻസ് ഉറപ്പാക്കുന്ന നിയമഭേദഗതി നിർദ്ദേശത്തിന് ബഹ്‌റൈൻ പാർലമെന്റ് ഏകകണ്ഠമായി അംഗീകാരം നൽകി. ആറ് മാസത്തിനകം ഇതുസംബന്ധിച്ച കരട് നിയമം തയ്യാറാക്കുന്നതിനായി നിർദ്ദേശം സർക്കാരിന് കൈമാറിയിട്ടുണ്ട്.

സ്വകാര്യ മേഖലയിലെ നിലവിലുള്ള തൊഴിൽ നിയമത്തിലെ പോരായ്മകൾ പരിഹരിച്ച്, ഉറക്കവും കുടുംബത്തോടൊപ്പമുള്ള സമയവും ത്യജിച്ച് ജോലി ചെയ്യുന്ന ജീവനക്കാർക്ക് അർഹമായ വേതനം ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫയേഴ്‌സ് കമ്മിറ്റി വൈസ് ചെയർമാൻ എം.പി. ജലാൽ കാദിം അൽ മഹ്ഫൂദാണ് ഈ ബിൽ അവതരിപ്പിച്ചത്. നിർബന്ധിത മിനിമം അലവൻസ് വ്യവസ്ഥ ഇല്ലാത്തതിനാൽ പല സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സെക്യൂരിറ്റി ജീവനക്കാർക്ക് വലിയ ആശ്വാസം

സർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ കമ്പനികളിലും സമാനമായ ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ, സെക്യൂരിറ്റി മേഖലയിൽ ജോലി ചെയ്യുന്ന 19,000-ത്തിലധികം ബഹ്‌റൈനി പൗരന്മാർക്ക് യാതൊരുവിധ ഷിഫ്റ്റ് അലവൻസും ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 10 ശതമാനം എന്നത് കുറഞ്ഞ നിരക്ക് മാത്രമാണെന്നും, ജോലിയുടെ സ്വഭാവമനുസരിച്ച് തൊഴിലുടമകൾക്ക് ഇതിലും ഉയർന്ന തുക നൽകാവുന്നതാണെന്നും എം.പി കൂട്ടിച്ചേർത്തു.

പാർലമെന്റിന്റെ സർവീസ് കമ്മിറ്റിയും ബഹ്‌റൈൻ ട്രേഡ് യൂണിയൻ ജനറൽ ഫെഡറേഷനും ഈ നിർദ്ദേശത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, തൊഴിൽ-നിയമകാര്യ മന്ത്രി യൂസഫ് ഖലഫും ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സും നിർദ്ദേശത്തെ എതിർത്തിട്ടുണ്ട്.