10000 ജോലികൾ എഐ ചെയ്യും; 55000 ജോലിക്കാരെ പിരിച്ചുവിട്ട് യുകെ ടെലികോം കമ്പിനി

 

ബ്രിട്ടീഷ് ടെലികോം, ടെലിവിഷൻ ഗ്രൂപ്പ് ബിടി 55,000 ജീവനക്കാരെ പിരിച്ചുവിടും. 2030 ഓടെ തൊഴിലവസരങ്ങൾ ഒഴിവാക്കി ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 10,000 ജോലികൾ ചെയ്യുമെന്നതിനാൽ 42%  തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടും.

യുകെ മൊബൈൽ ഫോൺ ഭീമനായ വോഡഫോൺ മൂന്ന് വർഷത്തിനിടെ   പത്തിലൊന്ന് വരുന്ന 11,000 ജീവനക്കാരെ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ബിടിയുടെ തീരുമാനം. കരാറുകാർ അടക്കം 1,30,000 ജീവനക്കാരാണ് നിലവിൽ ബിടിയിലുള്ളത്. എന്നാൽ അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം 75,000 മുതൽ 90,000 വരെയായി കുറയ്ക്കുമെന്നാണ് ഗ്രൂപ്പ് അറിയിച്ചത്.

മൂന്ന് വർഷം മുമ്പ് തുടങ്ങിയ പദ്ധതി അനുസരിച്ചാണ് ബി.ടി ചെലവ് വെട്ടിക്കുറയ്ക്കുന്നത്. ബി.ടി ഗ്രൂപ്പ് വളരെ കുറച്ച് തൊഴിലാളികളെ ആശ്രയിച്ചും കുറഞ്ഞ ചിലവിലൂടെയും കാര്യങ്ങൾ നടത്തുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഫിലിപ്പ് ജാൻസൻ അറിയിച്ചു. കമ്പനിയുടെ എല്ലാ ഫൈബർ ബ്രോഡ്ബാൻഡും 5G നെറ്റ് വർക്കും പുറത്തിറങ്ങിയാൽ അത് നിർമിക്കുന്നതിനും പരിപാലിക്കുന്നതിനും ഇത്രയും ജീവനക്കാരുടെ ആവശ്യമില്ലെന്നാണ് അധികൃതർ പറയുന്നത്.