കിങ് ഫഹദ് കോസ്‌വേ വഴി ബഹ്റൈനിലെത്തിയത് 1.7 കോടി സന്ദർശകർ
സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ കിങ് ഫഹദ് കോസ്‌വേ വഴി കഴിഞ്ഞ ഒരു വർഷത്തിനിടെ സഞ്ചരിച്ച ആളുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025-ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം 1.7 കോടിയോളം സന്ദർശകരാണ് കോസ്‌വേ വഴി സൗദിയിൽ നിന്ന് ബഹ്‌റൈനിലേക്ക് പ്രവേശിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആകെ യാത്രാ നീക്കം മുൻവർഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം വർധനവോടെ 3.33 കോടി പിന്നിട്ടു.
ബഹ്‌റൈന്റെ നാഷണാലിറ്റി, പാസ്‌പോർട്ട് ആന്റ് റെസിഡൻസ് അഫയേഴ്‌സ് കണക്കുകൾ പ്രകാരം 1.66 കോടിയിലധികം പേർ കോസ്‌വേ വഴി ബഹ്‌റൈനിലേക്ക് പ്രവേശിച്ചപ്പോൾ, 1.67 കോടിയോളം പേർ തിരിച്ചും യാത്ര ചെയ്തു. സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുപ്രകാരം സൗദിയുടെ കര അതിർത്തി കവാടങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് കിങ് ഫഹദ് കോസ്‌വേയാണ് (49.1%). 12.2 ശതമാനം യാത്രക്കാരുമായി അൽ ഖഫ്ജി അതിർത്തി കവാടമാണ് രണ്ടാം സ്ഥാനത്ത്.
സൗദിയിലെ എല്ലാ കര അതിർത്തി കവാടങ്ങളിലൂടെയുമുള്ള ആകെ യാത്രാ നിരക്കിൽ 7.2 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. സൗദി-ബഹ്‌റൈൻ ഇരുരാജ്യങ്ങൾക്കുമിടയിലെ ശക്തമായ വാണിജ്യ-വിനോദസഞ്ചാര ബന്ധത്തിന്റെ തെളിവാണ് കോസ്‌വേയിലെ ഈ വൻ ജനത്തിരക്ക്. 1986-ൽ ഉദ്ഘാടനം ചെയ്ത 25 കിലോമീറ്റർ നീളമുള്ള ഈ കടൽപ്പാത വഴി പ്രതിമാസം 10 ലക്ഷത്തിലധികം വാഹനങ്ങളാണ് കടന്നുപോകുന്നത്. സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഈ പാത നിർണായക പങ്കുവഹിക്കുന്നു.