30-ാമത് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള മാർച്ച് 24 മുതൽ
Oct 21, 2026, 22:37 IST
30-ാമത് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള മാർച്ച് 24 മുതൽ ഏപ്രിൽ മൂന്ന് വരെ നടക്കും. 'ക്രിയേറ്റീവ് ഇൻഡസ്ട്രി' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഇത്തവണത്തെ പുസ്തകമേളയിൽ ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിന് പ്രത്യേക ആദരം ഒരുക്കും. അൽ വുസ്തയുടെ ചരിത്രം, സംസ്കാരം, പൈതൃകം, പ്രകൃതിവിഭവങ്ങൾ, നിക്ഷേപ സാധ്യതകൾ എന്നിവ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്ന വിവിധ പരിപാടികൾ മേളയുടെ ഭാഗമായി ഉണ്ടാകും.
ക്രിയേറ്റീവ് ഇൻഡസ്ട്രിയുടെ വളർച്ചയും രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ അവയ്ക്കുള്ള പങ്കും ഉയർത്തിക്കാട്ടുകയാണ് ഇത്തവണത്തെ പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത്. എഴുത്തുകാർ, പ്രസാധകർ, വായനക്കാർ എന്നിവരെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന മേളയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന സംഘാടക സമിതി യോഗത്തിൽ ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസി അധ്യക്ഷത വഹിച്ചു.