സൗദിയിലെ 4 നഗരങ്ങൾക്കും കിങ് ഖാലിദ് യൂനിവേഴ്സിറ്റിക്കും ഡബ്ല്യു.എച്ച്.ഒയുടെ 'ആരോഗ്യനഗര' പദവി

 

സൗദി അറേബ്യയിലെ നാല് നഗരങ്ങൾക്കും ഒരു സർവകലാശാലയ്ക്കും ലോകാരോഗ്യ സംഘടനയുടെ (WHO) 'ആരോഗ്യനഗരം' (Healthy City) പദവി. ഡബ്ല്യു.എച്ച്.ഒയുടെ ഔദ്യോഗിക എക്സ് പ്രൊഫൈലിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. അസീർ പ്രവിശ്യയിലെ അബഹ, മഹാഇൽ അസീർ, ത്വറീബ് എന്നീ നഗരങ്ങളും, ഹാഇൽ നഗരവും റിയാദിലെ കിങ് ഖാലിദ് യൂനിവേഴ്സിറ്റിയുമാണ് ഈ അന്താരാഷ്ട്ര അംഗീകാരം സ്വന്തമാക്കിയത്.

പുതിയ പ്രഖ്യാപനത്തോടെ സൗദി അറേബ്യയിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ആരോഗ്യകരമായ നഗരങ്ങളുടെ എണ്ണം 21 ആയി ഉയർന്നു. ഇതിൽ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന രണ്ട് സർവകലാശാലകളും ഉൾപ്പെടുന്നു. വിവിധ മേഖലകൾ തമ്മിലുള്ള സഹകരണത്തിന്റെയും കടുത്ത മൂല്യനിർണയങ്ങളുടെയും അടിസ്ഥാനത്തിലാണ് അംഗീകാരം നൽകിയതെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.

'എല്ലാ നയങ്ങളിലും ആരോഗ്യം' എന്ന ആശയം മുൻനിർത്തി പൊതുജനാരോഗ്യ മേഖലയിൽ സൗദി കൈവരിച്ച വേഗത്തിലുള്ള പുരോഗതിയാണ് ഈ നേട്ടത്തിന് പിന്നിൽ. രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കുന്നതിനുമുള്ള സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് വലിയ ഊർജ്ജം പകരുന്നതാണ് ഈ അംഗീകാരം.