ഇന്ത്യൻ ചരക്കുകൾക്ക് 50 ശതമാനം തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ
ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 50% ഇറക്കുമതി തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ നേരത്തെ ചുമത്തിയ 25% പിഴച്ചുങ്കവും ഇപ്പോഴത്തെ 25% ഇറക്കുമതി തീരുവയും ചേർത്താണ് 50% ആയി ഉയർത്തിയിട്ടുള്ളത്. ഈ പുതിയ നയം ഇന്ത്യൻ കയറ്റുമതിയെ, പ്രത്യേകിച്ച് തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ചെമ്മീൻ, തുകൽ ഉത്പന്നങ്ങൾ തുടങ്ങിയ മേഖലകളെ കാര്യമായി ബാധിക്കും. ഇലക്ട്രോണിക് ഉത്പന്നങ്ങൾ, മരുന്നുകൾ, ഊർജ്ജോത്പന്നങ്ങൾ തുടങ്ങിയവയെ ഈ തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പുതിയ ഇറക്കുമതി തീരുവ കാരണം ഈ വർഷം ഇന്ത്യയുടെ ചരക്ക് കയറ്റുമതിയിൽ 40-45% കുറവുണ്ടാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി. എത്ര സമ്മർദ്ദമുണ്ടായാലും രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും, സംരക്ഷണവാദം പോലുള്ള നയങ്ങൾക്കെതിരെ ഇന്ത്യ ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.