തൊഴിൽ നിയമലംഘനം: ബഹ്റൈനിൽ കഴിഞ്ഞ മാസം 543 പേരെ നാടുകടത്തി
അനധികൃത തൊഴിൽ രീതികൾക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന നടപടികളുടെ ഭാഗമായി ബഹ്റൈനിൽ കഴിഞ്ഞ മാസം 543 വിദേശികളെ നാടുകടത്തി. ഓഗസ്റ്റിൽ 2,973 പരിശോധനാ ക്യാമ്പയിനുകൾ നടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. വിവിധ സർക്കാർ മന്ത്രാലയങ്ങളുമായും പോലീസ്-സെക്യൂരിറ്റി വിഭാഗങ്ങളുമായും ഏകോപിച്ചായിരുന്നു പരിശോധനകൾ.
തൊഴിൽവിപണിയുടെ സുസ്ഥിരതയും രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം 54,600 പരിശോധനകളും 795 സംയുക്ത ക്യാമ്പയിനുകളും നടത്തിയ എൽ.എം.ആർ.എ, നിയമലംഘകരായ 4,776 വിദേശികളെ നാടുകടത്തിയിരുന്നു.
അനധികൃത തൊഴിൽ രീതികൾ തടയുന്നതിനായി സർക്കാരുമായി സഹകരിക്കാൻ പൗരന്മാരോടും താമസക്കാരോടും അധികൃതർ അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ www.lmra.gov.bh എന്ന വെബ്സൈറ്റ് വഴിയോ, 17506055 എന്ന നമ്പറിലോ, 'തവാസുൽ' സംവിധാനം വഴിയോ റിപ്പോർട്ട് ചെയ്യാവുന്നതാണ്.